ബഹിരാകാശ യാത്രയിൽ ചരിത്രപരമായ നിമിഷത്തിനായി ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യമായി, സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്നതോടെയാണിത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ലാർസൻ ആൻഡ് ട്യൂബ്രോ (L&T) എന്നീ കമ്പനികളുടെ കൺസോർഷ്യം നിർമിച്ച റോക്കറ്റ് ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണത്തിലെ പുതിയ വഴിത്തിരിവാണ്.

ഐഎസ്ആർഒയുടെ ‘വർക്ക്ഹോഴ്സ്’ റോക്കറ്റിന്റെ ശേഷിയേറിയ പതിപ്പായ PSLV-XL വേരിയന്റാണ് HAL–L&T കൺസോർഷ്യം വിജയകരമായി നിർമിത്. 2022ൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഇത്. കരാർ പ്രകാരം അഞ്ച് PSLV റോക്കറ്റുകളുടെ നിർമാണം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐഎസ്ആർഒ തീരുമാനിച്ചിരുന്നു.
വിക്ഷേപണ വാഹനത്തിന്റെ സങ്കീർണ സംവിധാനങ്ങളുടെ സംയോജനം ഉൾപ്പെടെയുള്ള എൻഡ്-ടു-എൻഡ് ഉത്പാദനം എച്ച്എഎല്ലും എൽആൻഡിടിയും ഏറ്റെടുത്തു. ഈ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ആദ്യ പേലോഡായി ഓഷ്യൻസാറ്റ് ഉപഗ്രഹമാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെയാണ് വിക്ഷേപണം പ്രതീക്ഷിക്കുന്നത്.
സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയുമുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച പരമ്പരയിലേതാണ് ഓഷ്യൻസാറ്റ് ഉപഗ്രഹങ്ങൾ. കാലാവസ്ഥാ പ്രവചനം, മത്സ്യസമ്പത്ത് നിരീക്ഷണം, തീരദേശ പഠനം എന്നിവയിൽ ഈ ഉപഗ്രഹത്തിന് വലിയ പ്രാധാന്യമുണ്ട്.
India is set for a historic moment as the first privately manufactured PSLV, built by the HAL-L&T consortium, prepares to launch the Oceansat satellite, marking a major shift in commercial space production.
