കാലാവസ്ഥാ മാറ്റത്തിൽ ഉത്പാദനം ഇടിഞ്ഞിട്ടും, അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില ഉയരുമ്പോളും വില കൂടാതെ കേരളത്തിലെ റബ്ബർ വിപണി തളരുന്നു. റബ്ബറിന്റെ അന്താരാഷ്ട്രവിലയും ഇവിടത്തെ വിലയും തമ്മിൽ അന്തരം 11 രൂപ കഴിഞ്ഞു . മഴ തുടരുന്നതോടെ കേരളത്തിലെ റബ്ബർ കർഷകരും ദുരിതത്തിലാണ്.
അതെ സമയം ഒരു ഇടവേളയ്ക്കുശേഷം ഫാക്ടറികൾ ചരക്കെടുപ്പിന് വന്നത് ഒട്ടുപാലിന്റെ വിലയിൽ നേരിയ മെച്ചമുണ്ടാക്കി. നിലവിൽ ഒട്ടുപാൽ കിലോയ്ക്ക് ശരാശരി 120 രൂപയ്ക്കുമേലേ കിട്ടുന്നുണ്ട്. ശക്തമായ മഴ കാരണം, ഗ്രേഡ് ഷീറ്റ് ഉത്പാദനം പ്രയാസമാണ്.
ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കിലോഗ്രാമിന് ജൂലായിൽ 214 രൂപവരെ കിട്ടിയിരുന്നു. പക്ഷേ പിന്നീട് ശക്തമായ മഴയും ഇലകൊഴിച്ചിലും കാരണം ടാപ്പിങ് കാര്യമായി നടക്കുന്നില്ല. ഇതോടെ കർഷകരെ കാത്തിരിക്കുന്നത് വിലതകർച്ചയുടെ നാളുകളാണ്. കേരളത്തിലെ റബ്ബർ വിലയാകട്ടെ ദിവസങ്ങളായി 180-ന് താഴെയാണ്. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് ബാങ്കോക്ക് വില 189.29 രൂപയാണ്. റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച തദ്ദേശീയ വില 186 രൂപ. കർഷകരിൽനിന്ന് വ്യാപാരികൾ വാങ്ങുമ്പോൾ നൽകുന്ന സ്പോട്ട് വില 175 മുതൽ 178 രൂപ വരെ മാത്രം എന്നതാണാവസ്ഥ.
നേരത്തേ ടാപ്പിങ് നടത്തിയവർ ഷീറ്റ് വിപണിയിൽ വിൽക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്നത് സ്വാഭാവികമായും വിലക്കയറ്റമുണ്ടാക്കുമെങ്കിലും ഇത്തവണ അതുണ്ടായില്ല . തിരഞ്ഞെടുപ്പിനോടടുത്ത് സംസ്ഥാന സർക്കാർ താങ്ങുവില നിലവിൽ 180 എന്നത് 200 രൂപയാക്കുമെന്ന പ്രതീക്ഷയും കർഷകർക്കില്ലാതായി.
രാജ്യത്തെ ടയർ കമ്പനികൾ നടത്തിയ സെപ്റ്റംബറിലെ വൻ ഇറക്കുമതിയുണ്ടാക്കിയ ആഘാതത്തിൽനിന്ന് റബ്ബർ വിപണി തിരിച്ചുകയറിയിട്ടില്ല. ആഗോളവിപണിയിൽനിന്ന് ചൈനീസ് കമ്പനികൾ ചരക്കെടുപ്പ് ഊർജിതമാക്കിയതാണ് റബ്ബറിന്റെ അന്താരാഷ്ട്ര വില മെച്ചമാകാൻ കാരണം. ഇന്ത്യയിൽ റബ്ബറിന് ആവശ്യമുണ്ടെങ്കിലും ഊർജിതമായ ഇറക്കുമതി കാരണം ടയർകമ്പനികൾ ചരക്കെടുപ്പിന് വലിയ ഉത്സാഹം കാട്ടുന്നില്ല. 2025 ഏപ്രിൽ മുതൽ ഓഗസ്റ്റുവരെ 1.29 ലക്ഷം ടൺ കോമ്പൗണ്ട് റബ്ബറാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2024-ൽ ഇതേ സമയത്ത് ഇറക്കുമതി 94221 ടൺ മാത്രമായിരുന്നു. 2023-24-നെ അപേക്ഷിച്ച് 44.5 ശതമാനം വർധന. സെപ്റ്റംബറിൽമാത്രം 69,000 ടൺ റബ്ബറും 25,000 ടൺ കോമ്പൗണ്ട് റബ്ബറുമാണ് ഇറക്കുമതിയായി രാജ്യത്തേക്കെത്തിയത്. ഇത് സ്റ്റോക്കുള്ളതിനാൽ ടയർക്കമ്പനികൾ ചരക്കെടുപ്പ് കുറച്ചതും കർഷകർക്ക് തിരിച്ചടിയായി. കമ്പോളവിലയിൽനിന്ന് ശരാശരി മൂന്നുരൂപ വരെ കുറച്ചാണ് പലയിടത്തും വ്യാപാരം. ടയർക്കമ്പനികളും മാർജിൻ കുറച്ചാണ് ചരക്കെടുക്കുന്നത്. ആഗോളവില താഴ്ന്നതിനാൽ ടയർക്കമ്പനികൾ വരുംമാസങ്ങളിലേക്കും ചരക്ക് ഉറപ്പാക്കിയിട്ടുണ്ട്.
Despite rising global prices and production drop due to rain, Kerala rubber prices remain below ₹180. Massive September imports by Indian tyre companies and a ₹11 gap with international prices worsen farmer woes.