കേന്ദ്രത്തിന്റെ നാല് തൊഴിൽ കോഡുകളുമായി കേരളം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ യോഗത്തിൽ കേരളം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് കൊണ്ടുവന്ന നാല് ലേബർ കോഡുകൾ (വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ-ആരോഗ്യം കോഡ് എന്നിവ) 2025 നവംബർ 21 മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2019ൽ കേന്ദ്രം ഈ പരിഷ്കരണങ്ങൾ തുടങ്ങിയപ്പോൾ മുതൽ, 2020ൽ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നതായും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി അന്ന് കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. എന്നാൽ, ഏകപക്ഷീയമായി ഇത് നടപ്പിലാക്കാൻ കേരളം തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 2ന് തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ പ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ, നിയമ വിദഗ്ധർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിച്ചിരുന്നു. അന്ന് തൊഴിലാളി യൂണിയനുകൾ ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെ നിശിത വിമർശനം ഉന്നയിച്ചു. ആ വികാരം മാനിച്ചുകൊണ്ട്, സംസ്ഥാനം തുടർനടപടികൾ സ്വീകരിക്കേണ്ടതില്ല എന്ന് തൊഴിൽ മന്ത്രിയെന്ന നിലയിൽ അന്ന് നിർദേശം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷമായി ഈ വിഷയത്തിൽ സംസ്ഥാനം തുടർനടപടി സ്വീകരിച്ചിട്ടില്ല എന്നത് ഉറച്ച നിലപാടിന്റെ തെളിവാണ്. കഴിഞ്ഞ നവംബർ 11, 12 തീയതികളിൽ ഡൽഹിയിൽ നടന്ന സംസ്ഥാന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കേരളത്തിന്റെ ശക്തമായ വിയോജിപ്പ് കേന്ദ്ര തൊഴിൽ മന്ത്രിയെ അറിയിച്ചിട്ടുള്ളതാണ്. യോഗത്തിൽ കേരളം ഉന്നയിച്ച ആശങ്കകളെ കുറിച്ച് കേന്ദ്രതോഴിൽ മന്ത്രി മറുപടി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കേരളം ഉന്നയിച്ച പ്രകാരം ട്രേഡ് യൂണിയനുകളുടെ ആശങ്ക പരിഹരിക്കാൻ അടുത്തദിവസം തന്നെ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു. എന്നാൽ അത് നടപ്പിലാക്കാതെയാണ് പൊടുന്നനെ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സർക്കാർ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളൂവെന്ന് ഉറപ്പു നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala Labour Minister V. Sivankutty confirms the state will not implement the Central government’s four labour codes, citing strong opposition from trade unions and commitment to protecting workers’ rights.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version