രാജ്യത്ത് ആദ്യമായി അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളി സ്റ്റാർട്ടപ്പ് ‘അക്യുബിറ്റസ് ഇൻവെൻ്റ്’. വോൾട്രാക്ക്സ് VolTracX എന്ന ഉപകരണത്തിൽ ഊതുന്നതിലൂടെ ‘വോളറ്റെെൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ’ ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതിക വിദ്യയാണ് ‘അക്യുബിറ്റസ് ഇൻവെൻ്റ്’ സ്റ്റാർട്ടപ്പ് വികസിപ്പിച്ചത്. ഇതിനു പുറമെ അണുബാധ തിരിച്ചറിയാൻ ‘ഡിറ്റെക്സ്’ DeTecX എന്ന ഉപകരണവും ഇവർ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടുപിടിത്തങ്ങൾക്ക് ഇവർക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്.
തോന്നയ്ക്കൽ ബയോ 360 ലെെഫ് സയൻസ് പാർക്കിലാണ് ACCUBITS INVENT PRIVATE LIMITED സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം. രോഗവ്യാപനം തടയാനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ നടത്തി മരണനിരക്ക് കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് സ്റ്റാർട്ടപ്പിന്റെ പ്രതീക്ഷ.
ഡോ. നിധിൻ ശ്രീകുമാറാണ് കമ്പനിയുടെ സ്ഥാപക എം.ഡിയും ചീഫ് റിസർച്ച് സയന്റിസ്റ്റും. ടിറ്റോ പങ്കജാക്ഷൻ ഷീല സഹ സ്ഥാപകയാണ്.
2020 ലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ലാബ് ടെസ്റ്റിൽ വിജയിച്ച ഉപകരണങ്ങൾ ഗവൺമെന്റ് സർട്ടിഫിക്കേഷനും ഹോസ്പിറ്റൽ ട്രയലിനും ശേഷം വിപണിയിലെത്തിക്കും. രോഗവ്യാപനം തടയാൻ തങ്ങളുടെ ഉപകരണത്തിന് സാധിക്കുമെന്ന ഉറപ്പോടെ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്കാവും ലഭ്യമാക്കുന്നത്.
.
പേറ്റൻ്റ് ലഭിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവർ വികസിപ്പിച്ച ‘വോൾട്രാക്ക്’ എന്ന ഉപകരണത്തിലൂടെ ശ്വാസകോശാർബുദം, ആസ്ത്മ, ക്ഷയം മുതലായ രോഗങ്ങൾ രോഗിയുടെ ശ്വാസത്തിലൂടെ കണ്ടെത്താം. എളുപ്പത്തിൽ വാതകമായി മാറുന്ന് കാർബൺ അടങ്ങിയ പദാർത്ഥങ്ങളാണ് ‘വോളറ്റൈൽ ഓർഗാനിക്ക് കോമ്പൗണ്ടുകൾ’. ശ്വാസത്തിലും വിയർപ്പിലും ഇത് അടങ്ങിയിട്ടുണ്ട്. രോഗമുള്ളവരുടെ ശരീരത്തിൽ ഇതിൻ്റെ അളവ് കൂടുതലായിരിക്കും. ഒരു നിശ്ചിത അളവിൽ കൂടുതലാണ് വി.ഒ.സിയെങ്കിൽ രോഗസാന്നിധ്യം ഉറപ്പിക്കാം. ചെലവേറിയ ബയോപ്സി ഉൾപ്പടെയുള്ള ടെസ്റ്റുകൾക്ക് മുൻപ് ഈ ഉപകരണത്തിലൂടെ ഡോക്ടർമാർക്ക് രോഗം കണ്ടെത്താം. പരിശോധിക്കുന്ന റിസൽട്ട് നേരിട്ട് രോഗിക്ക് ലഭിക്കുന്ന രീതിയല്ലാത്തതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാകും. ഡോക്ടർമാർക്ക് രോഗനിർണയം എളുപ്പത്തിലാക്കാൻ ഉപകരണം സഹായിക്കുന്നു.
വോൾട്രാക്ക്സിന് പുറമെ അണുബാധ തിരിച്ചറിയാൻ ‘ഡിറ്റെക്സ്’എന്ന ഉപകരണവും ഇവർ ഇതേ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചിട്ടുണ്ട്. പ്രസവിച്ച സ്ത്രീകൾക്കും നവജാത ശിശുക്കൾക്കുമെല്ലാം ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടാവാൻ സാധ്യത ഏറെയാണ്. ‘ഡിറ്റെക്സ്’ സ്ഥാപിച്ചിട്ടുള്ള പരിസരത്ത് അണുബാധയുണ്ടെങ്കിൽ സിഗ്നൽ ലഭിക്കും.
ACCUBITS INVENT, a Kerala-based startup, patents VolTracX, a sensor technology using a breath test for cancer and TB detection by analyzing Volatile Organic Compounds (VOCs).
