ലോകം ഉറ്റു നോക്കുന്ന, ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ വജ്രായുധമായിരുന്ന ബ്രഹ്മോസ് മിസൈലിന്റെ വിവിധ വകഭേദങ്ങൾ ഇനി നിർമിച്ചിറക്കുക തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ നിന്നുമാകും. ഇവിടത്തെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.
നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും സുപ്രീം കോടതി അനുമതി നൽകി. ഇതിനുപുറമെ സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി.
ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഓ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈൽ നിർമ്മാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്വെയർ നിർമ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്.
സശസ്ത്ര സീമ ബലിൻ്റെ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് കേരളത്തിൽ ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ആവശ്യമാണ്. ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് നിലവിൽവരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. ഇത് ദേശസുരക്ഷ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും കേരളത്തിനെ സംബന്ധിച്ച് നിർണായകമാണ്.
നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിൽ 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം ബാക്കിയുള്ള 257 ഏക്കർ ഭൂമിയാണ് മൂന്ന് വികസന പദ്ധതികൾക്കായി കൈമാറാൻ പോകുന്നത്. തുറന്ന ജയിൽ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. അനുമതി ലഭിച്ചതോടെ ഭൂമി കൈമാറ്റവും വേഗത്തിൽ നടക്കും.
The Supreme Court approved transferring 180 acres of land from Nettukaltheri Open Jail in Thiruvananthapuram to DRDO for establishing a BrahMos missile manufacturing unit, alongside land for NFSU and SSB.
