ടിക്കറ്റിംഗ് സംവിധാനത്തിൽ വൻ പരിഷ്കാരങ്ങൾക്ക് ഇന്ത്യൻ റെയിൽവേ. രാജ്യവ്യാപകമായി ഒടിപി അധിഷ്ഠിത തത്കാൽ റിസർവേഷൻ സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. സൗകര്യം മെച്ചപ്പെടുത്തുന്നതിനും ദുരുപയോഗം തടയുന്നതിനുമായുള്ള ഒടിപി അധിഷ്ഠിത പ്രക്രിയ ഇതിനകം 52 ട്രെയിനുകളിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന എല്ലാ സർവീസുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

2025 ജൂലൈ മാസത്തിൽ ഓൺലൈൻ തത്കാൽ ബുക്കിംഗുകൾക്ക് റെയിൽവേ ആധാർ അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷൻ അവതരിപ്പിച്ചിരുന്നു. 2025 ഒക്ടോബർ മാസത്തിൽ ബുക്കിംഗിന്റെ ആദ്യ ദിവസം തന്നെ എല്ലാ ജനറൽ റിസർവേഷനുകൾക്കും ഒടിപി അധിഷ്ഠിത സംവിധാനവും നടപ്പിലാക്കി. സുതാര്യത വർദ്ധിപ്പിക്കാനും യാത്രക്കാർക്ക് റിസർവേഷൻ അനുഭവം ലഘൂകരിക്കാനുമായാണ് ഈ രണ്ട് നടപടികളും.
ഏറ്റവും പുതിയ പൈലറ്റ് പദ്ധതി പ്രകാരം കൗണ്ടറിൽ നിന്നുള്ള തത്കാൽ ബുക്കിംഗുകളിൽ ഒടിപി പരിശോധനാ ഘട്ടം കൊണ്ടുവരും. റിസർവേഷൻ ഫോമിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ഒറ്റത്തവണ പാസ്വേഡ് ലഭിക്കും. വിജയകരമായ ഒതന്റിക്കേഷന് ശേഷം മാത്രമേ ടിക്കറ്റുകൾ സ്ഥിരീകരിക്കുകയുള്ളൂ. ഉയർന്ന ഡിമാൻഡുള്ള തത്കാൽ ക്വാട്ടയുടെ ദുരുപയോഗം തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കുന്നതിനുമായാണ് ഈ നീക്കം.
ചാർട്ട് തയ്യാറാക്കൽ നിലവിലെ നാല് മണിക്കൂർ ജാലകത്തിൽ നിന്ന് എട്ട് മണിക്കൂർ മുമ്പാക്കി മാറ്റാനും ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അംഗീകരിച്ച ഈ മാറ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കും. കൂടാതെ യാത്രക്കാർക്ക് വെയിറ്റിംഗ് ലിസ്റ്റ് നിലയെക്കുറിച്ച് നേരത്തെ വ്യക്തത നൽകുമെന്നും, ഇതര യാത്രാ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യാൻ കൂടുതൽ സമയം അനുവദിക്കുമെന്നും റെയിൽവേ പ്രതിനിധി വ്യക്തമാക്കി
Indian Railways is implementing OTP-based verification for Tatkal counter bookings nationwide to curb misuse and ensure fair access. Chart preparation time is also being advanced from 4 to 8 hours before departure.
