റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിൻറെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നാല് വർഷത്തിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വ്യാപാരം, സാമ്പത്തിക സഹകരണം, ആഗോള സുരക്ഷാ പ്രശ്നങ്ങൾ എന്നിവ മോഡി-പുടിൻ ചർച്ചയിലെ പ്രധാന വിഷയങ്ങളാകും. റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ആഹ്വാനം ഇന്ത്യ ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്.
മോഡിയുടെ വസതിയിൽ അത്താഴവിരുന്നിൽ പങ്കെടുക്കുന്ന പുടിൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. രാജ്ഘട്ട് സന്ദർശനത്തോടെയാണ് പുടിന്റെ വെള്ളിയാഴ്ചത്തെ ഷെഡ്യൂൾ ആരംഭിക്കുക. തുടർന്ന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ മോഡിയുമായുള്ള ഔപചാരിക ഉച്ചകോടി തല ചർച്ചകൾ നടക്കും. പിന്നീട്, ഉഭയകക്ഷി നിക്ഷേപവും വ്യാപാര സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ പുടിൻ ഉന്നത ബിസിനസ്സ് നേതാക്കളെ അഭിസംബോധന ചെയ്യും. ബിസിനസ്-ടു-ബിസിനസ് പങ്കാളിത്തവും ദീർഘകാല നിക്ഷേപ അവസരങ്ങളും വികസിപ്പിക്കുന്നതിനുള്ള ശക്തമായ മുന്നേറ്റത്തിന്റെ സൂചനയാണിത്.
പുടിന്റെ സന്ദർശനം സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതിനും വിശാലമായ മേഖലകളിലായി ഒന്നിലധികം ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുന്നതിനും കാരണമാകും. 2030 വരെ റഷ്യൻ-ഇന്ത്യൻ സാമ്പത്തിക സഹകരണത്തിന്റെ തന്ത്രപരമായ മേഖലകളുടെ വികസനത്തിനായുള്ള പരിപാടിയായിരിക്കും പ്രധാന രേഖകളിലൊന്ന്. 2024ൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 12% വളർച്ച കൈവരിച്ചിരുന്നു. വ്യാവസായിക സഹകരണം, നൂതന സാങ്കേതികവിദ്യകൾ, ആരോഗ്യ സംരക്ഷണം, ഖനനം, ബഹിരാകാശ പര്യവേക്ഷണം, ഗതാഗതം, തൊഴിൽ കുടിയേറ്റ പരിപാടികൾ എന്നിവയിലാണ് പ്രധാന സഹകരണമുള്ളത്. രാഷ്ട്രീയം, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, ധനകാര്യം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സംസ്കാരം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. ഉച്ചകോടിക്കൊപ്പം, ഇന്ത്യയിൽ നടക്കുന്ന ആർടി ടിവി ചാനലിന്റെ ഉദ്ഘാടന ചടങ്ങിലും പുടിൻ പങ്കെടുക്കും.
Russian President Putin arrives in India for the 23rd Annual Summit with PM Modi. Discussions will focus on boosting trade, investment, strategic partnership, and global security.
