കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒരു റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ അതിശയകരമായ ജിഡിപി വളർച്ചാനിരക്കിനെ കുറിച്ചായിരുന്നു അത്. അമേരിക്കൻ തീരുവയുടെ അടിയേറ്റ് ഇന്ത്യയുടെ വളർച്ച കൂപ്പുകുത്തും എന്ന് കരുതിയവർക്ക് മുന്നിൽ 8.2% വളർച്ചയിലേക്ക് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന സൂചിക വളർന്നു. ഇന്ത്യയുടെ ഈ വളർച്ചാ ശോഭയ്ക്ക് മുന്നിൽ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങളുടെ ജിഡിപി കരിന്തിരി പോലെയായി എന്നുമൊക്കെ കേൾക്കുന്നു. അതവിടെ നിൽക്കട്ടെ, ഈ GDP കണക്കിനൊപ്പം മറ്റൊരു റിപ്പോർട്ട് അധികം ശ്രദ്ധിക്കപ്പെടാതെ പോയോ എന്ന് ഒരു സംശയം. കേന്ദ്രത്തിന്റെ എക്കണോമിക് സർവ്വേയനുസരിച്ച്, ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ല തെലുങ്കാനയിലെ രംഗറെഡ്ഡി എന്ന ജില്ലയാണ്. രംഗറെഡ്ഡിയുടെ ആളോഹരി GDP, അഥവാ പെർക്യാപിറ്റ GDP 11.46 ലക്ഷം രൂപയാണ്. 60 ലക്ഷത്തോളം ജനസംഖ്യയാണ് അവിടെയുള്ളത്. തെലുങ്കാനയുടെ ഏക്കണോമിക് പവർഹൗസാണ് രംഗറെഡ്ഡി. കാരണം, രാജ്യത്തെ ഏറ്റവും വലിയ ടെക്പാർക്കുകൾ ഉള്ള സ്ഥലം..ഫാർമസ്യൂട്ടിക്കൽ ആന്റ് ബയോ ടെക്നോളജി ഹബ്, ലൈഫ് സയൻസ് ഇൻഡസ്ട്രിയുടെ താവളം, ഫാർമ പാർക്കുകളും ആർ ആന്റ് ഡി സെന്ററുകളും വേഗത്തിൽ വളരുന്ന സ്ഥലം, എയ്റോസ്പേസ്, ഡിഫൻസ് എക്യുപ്മെന്റുകളുടെ മാനുഫ്ക്ചറിംഗ് കേന്ദ്രം… രംഗറെഡ്ഡിക്ക് വിശേഷണങ്ങൾ ഏറെയാണ്. പല വമ്പൻ കോർപ്പറേറ്റ് കമ്പനികളുടേയും മാസ്സീവായ പ്രൊഡക്ഷൻ സെന്ററുകൾ രംഗറെഡ്ഡിയിലാണ്. കേരളത്തിലെ ഒരു ജില്ല പോലും ഈ ജിഡിപി കണക്കിൽ ആദ്യ പത്തിലോ തൊട്ടടുത്തോ ഇല്ല. വിവാദവ്യവസായത്തിൽ മാത്രം തൽപരരായ ഒരു സമൂഹമായി മാറുന്ന കേരളത്തിന് ഒരു പത്ത് വർഷം കഴിയുമ്പോൾ എന്തുണ്ടാകും ബാക്കി?
കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടായി പ്രവാസികളുടെ പണം കൊണ്ട് മാത്രം പ്രയാസമില്ലാതെ കഴിഞ്ഞുകൂടിയ കേരളത്തെ നമുക്ക് കൺമുന്നിൽ കാണാം. ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും പോയി ജോലി ചെയ്തുണ്ടാക്കിയ പണം കേരളത്തിലേക്കയച്ച പ്രവാസികളുടെ നട്ടെല്ലില്ലാണ് കേരളം നിവർന്ന് നിൽക്കുന്നത് തന്നെ! കടൽകടന്നെത്തുന്ന മണിയോടറുകൾ നമ്മുടെ നാടിനെ എങ്ങനെ താങ്ങി നിർത്തി എന്നതിന്റെ അനുഭവസ്ഥയാണ് ഞാൻ. 1980-കളിൽ 540 കോടിയോളമാണ് പ്രതിവർഷം കേരളത്തിലെത്തിയത്. 90-കളിൽ അത് പ്രതിവർഷം 10,000 കോടിയായി വളരുന്നു. 2000-2010-ൽ പ്രതിവർഷം 75,000 കോടിയോളമാണ് വിദേശത്ത് നിന്ന് കേരളത്തിലെ ബാങ്കുകളിലെത്തിയത്. 2023-ൽ ആ ഒറ്റ വർഷം 2,16,000 കോടിയായി ഫോറിൻ റെമിറ്റൻസ്, കേരളത്തിന്! സംസ്ഥാന GDP-യുടെ ഏതാണ്ട് നാലിലൊന്നും പ്രവാസികളുടെ പണം. വിദേശത്ത് ജോലിചെയ്യുന്ന നഴ്സുമാരുടെ, ഐടി എഞ്ചീനീയർമാരുടെ, സംരംഭകരുടെ, സാധാരണ തൊഴിലാളികളുടെ, ഡ്രൈവർമാരുടെ .. അധ്വാനത്തിന്റെ പണം. കേരളത്തിന്റെ എക്കോണമിക്ക് ഇന്ധനമായി പതിറ്റാണ്ടുകളായി സൈലന്റായി പണിയെടുക്കുന്ന ഫോറിൻ റെമിറ്റൻസ്. കേരളം ഈ കേരളമായത് ആ പണത്തിലാണ്. കേരളത്തിന് ഗ്രാമങ്ങളില്ലാതെ നഗരങ്ങൾ മാത്രമായത് ആ പണത്തിലാണ്. കേരളമാകെ മണിമാളികൾ ഉയർന്നത് ആ പണത്തിന്റെ ബലത്തിൽ കൂടിയാണ്. ചെറിയ ടൗണുകളിൽ പോലും ഉയർന്ന ഷോപ്പിംഗ് മാളുകളും അവിടെ സ്പെൻഡ് ചെയ്യുന്ന പണവുമെല്ലാം ലക്ഷക്കണക്കിന് പ്രവാസികൾ അയക്കുന്ന ഫോറിൻ റെമിറ്റൻസിന്റെ ബലത്തിലാണ്. കേരളത്തിലെ മൊത്തം കുടുംബങ്ങൾ എടുത്താൽ അതിൽ 25% കുടുംബങ്ങളിലും, അവരുടെ അക്കൗണ്ടുകളിൽ വിദേശത്ത് നിന്ന് മാസാമാസം പണം എത്തുന്നു. എന്നാൽ, എന്നാൽ പതിറ്റാണ്ടുകളായി ആസ്വദിക്കുന്ന ആ സൗകര്യങ്ങൾ ഇനി പഴയ പോലെ തുടരുമോ? ഗൾഫ് നാടുകളിൽ വർദ്ധിച്ചുവരുന്ന സ്വദേശിവത്കരണം.. യൂറോപ്പിൽ കടുപ്പിക്കുന്ന വിസ നിയമങ്ങൾ..കുടിയേറ്റ വ്യവസ്ഥകളും തൊഴിൽ വിസ നിയമങ്ങളും കർശനമാക്കുന്ന അമേരിക്ക.. ഇതിനൊക്കെ പുറമേ, ആകർഷകമായ ആ വലിയ വിദേശ ശമ്പള സ്കെയിലിൽ വന്നിരിക്കുന്ന മാറ്റങ്ങൾ! കേരളത്തിന്റെ 25% കുടുംബങ്ങളുടേയും വരുമാനത്തെ താങ്ങി നിർത്താൻ ഇത്രയും കാലത്തെ ഫോറിൻ റെമിറ്റൻസ് ഉണ്ടായിരുന്നിട്ട് പോലും, നമ്മുടെ പ്രതിശീർഷ വരുമാനം 2.8 ലക്ഷമായിരുന്നു. രാജ്യത്തെ ജനസംഖ്യയിൽ കേവലം 2.5% മാത്രമാണ് കേരളീയർ.. എന്നിട്ടും, വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് വരുന്ന ബാങ്ക് ട്രാൻസഫറിന്റെ 20%-ഉം കേരളത്തിലേക്കാണെന്ന് ഓർക്കണം. അനസ്യൂതം ഫണ്ട് ഒഴുകുന്ന ഗൾഫും, യൂറോപ്പും ഇനിയുള്ള വർഷങ്ങളിൽ അത്ര വാഗ്ദത്ത ഭൂമിയായി പ്രതീക്ഷിക്കാൻ കഴിയാതെ വരുമ്പോൾ കേരളത്തിന്റെ വരുമാനം എന്തായിരിക്കും. നമ്മുടെ ജീവിതം എന്തായിരിക്കും? ഒരു ആധുനിക സമ്പദ് വ്യവസ്ഥയ്ക്കും ഇല്ലാത്തവിധമുള്ള അതിവിധേയത്വം വിദേശപണത്തോടുള്ള സംസ്ഥാനമാണ് നമ്മുടേത് എന്ന ഓർമ്മവേണം. കേരളത്തിന്റെ മൊത്ത വരുമാനത്തിന്റെ കണക്ക്ബുക്കെടുത്താൽ അതിൽ മൂന്നിലൊന്ന് പേജുകളിലും എഴുതിവെച്ചിരിക്കുന്നത് പ്രവാസികളയക്കുന്ന പണത്തിന്റെ കണക്കാണ്. ഈ റിയാലിറ്റി മനസ്സിലാക്കി ചോദിക്കട്ടെ, നമ്മുടെ പ്ലാൻ എന്താണ്?

ഗൾഫ് നാടുകളിൽ സൗദൈസേഷനും എമിറാത്തൈസേഷനും വേഗം കൂടുന്നു. മിഡ്-സ്ക്കിലുള്ള മലയാളികൾക്ക് വിദേശത്ത് ലഭിച്ചിരുന്ന ജോലിയുടെ അവസരം കുറയുന്നു. കുറഞ്ഞ വേതനത്തിൽ കൂടുതൽ സ്ക്കില്ല്ഡായ തൊഴിലാളികളെ വിദേശ കമ്പനികൾക്ക് വേഗം ഹയറ് ചെയ്യാനാകുന്നു. ഇത് റിയാലിറ്റിയാണ്. രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തി ദിവസേന കെട്ടിപ്പൊക്കുന്ന വിവാദ വ്യവസായം ഒരു വീട്ടിലും അരി വേവിക്കില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയേ പറ്റൂ. ഓരോ ദിവസവും സോഷ്യൽ മീഡിയയിലുൾപ്പെടെ വിളമ്പുന്ന വിവാദങ്ങൾക്കും, പീഡന വാർത്തകൾക്കും ക്രൈമുകൾക്കും ഇക്കിളിക്കഥകൾക്കും പിന്നാലേ കമന്റിട്ടും ഷെയറ് ചെയ്തും സമയം പോകുന്ന മലയാളി ആലോചിക്കണം, സമീപഭാവിയിൽ കിട്ടാവുന്ന ഒരു വലിയ ഷോക്കിന്റെ മുന്നിലാണ് നമ്മൾ. അറുപത് ലക്ഷത്തോളം മലയാളികളാണ് പ്രവാസികളായി പുറം രാജ്യങ്ങളിലുള്ളത്. അവർ നാട്ടിലേക്ക് മടങ്ങി വരേണ്ടവരാണ്. നമ്മൾ എന്ത് ചെയ്യും? ഒരുത്തരമുണ്ട്! വാഗ്ദത്തഭൂമി അന്വേഷിച്ച് കടൽകടക്കുകയല്ല, നമ്മൾ വാഗ്ദത്ത ഭൂമിയായി മാറണം. കേരളത്തിന് അതിന് കഴിവുണ്ട്. അത് തിരിച്ചറിയണം. നാട്ടിലിരുന്നും വിദേശത്തിരുന്നും പരപുശ്ചവും അവമതിക്കലും ശീലമാക്കിയ ഒരു വിഭാഗം പ്രത്യേകിച്ചും ഇത് കേൾക്കണം. കാരണം, നാളെ നിങ്ങളുടേയും മക്കൾക്ക് ജോലിതേടിയോ ബിസിനസ്സ് തുടങ്ങാനോ പോകാൻ ഒരിടം അത്ര എളുപ്പമല്ലാത്ത കാലം വരും.. ഒന്നിച്ചു നിന്നാൽ എല്ലാവർക്കും കൊള്ളാം.

13 ലക്ഷം കോടിയോളമാണ് കേരളം ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ജിഡിപി. കേരളത്തിന്റെ ജിഡിപി-യിൽ 38%-ത്തോളം ചെറുകിട-ഇടത്തരം- സൂക്ഷ്മ സംരംഭങ്ങൾ കോൺട്രിബ്യൂട്ട് ചെയ്യുന്നു. 20 ലക്ഷത്തിലധികം MSME യൂണിറ്റുകൾ രണ്ടേകാൽ ലക്ഷത്തോളം തൊഴിലവസരം തുറന്നിരിക്കുന്നു. ഇതിൽ എന്താണ് പ്രസക്തി എന്ന് ചോദിച്ചാൽ, ഫുഡ്, എഞ്ചിനീയറിംഗ് സർവ്വീസുകൾ, പായ്ക്കിംഗ്, ഡിജിറ്റൽ സർവ്വീസ് എന്നീ മേഖലകളുടെ വാർഷിക വളർച്ച ഇന്ന് 19% വരെയാണ്. ഈ മേഖലയിലെ സാധ്യതയാണ് അത് തുറന്നിടുന്നത്. വീടും സ്ഥലവും വാങ്ങാനും, ഗോൾഡ് വാങ്ങാനും മറ്റുമാണ് കൂടുതലും പ്രവാസികൾ അവരുടെ പണം ചിലവഴിക്കുന്നത്. അത്തരം പണം നിക്ഷേപിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളിൽ പരമാവധി 15% വരെ ആനുവൽ വളർച്ചയുള്ളപ്പോഴാണ് പല എംഎസ്എംഇ സെക്ടറുകളും 19% വരെ വളർച്ച നേടുന്നത് എന്ന് ഓർക്കണം. ഈ പറയുന്നത് മാർക്കറ്റ് ഇൻസൈറ്റാണ്. കൃത്യമായി പഠിച്ച്, മാർക്കറ്റ് ഇന്റലിജൻസ് മനസ്സിലാക്കി എന്തുകൊണ്ട് പ്രവാസികൾക്ക് എംഎസ്എംഇ സംരംഭങ്ങളിൽ നിക്ഷേപിച്ചു കൂടാ? 2 ലക്ഷത്തിന്റേയോ 10 ലക്ഷത്തിന്റേയോ ടിക്കറ്റ് സൈസിൽ പുതിയ സംരംഭങ്ങളിലേക്ക് നിങ്ങൾ നിക്ഷേപകനായി എത്തൂ. നാളെ നാട്ടിലേക്ക് തിരികെയെത്തുമ്പോൾ നിങ്ങളുടെ പണത്തിന് മൂല്യമേറ്റുന്ന സംരംഭക മേഖലകൾ നിങ്ങളുടേതായി ഇവിടെ ഉണ്ടാകണം. മികച്ച സ്ക്കില്ലും, ക്യാപിറ്റലും, മാർക്കറ്റ് കണ്ടെത്താനുള്ള പഠനവുമുണ്ടെങ്കിൽ കേരളത്തിലെ ഏറ്റവും സ്ട്രോങ്ങായ ചെറുകിട സംരംഭക രംഗത്ത് നിങ്ങൾക്ക് ധൈര്യമായി ഇറങ്ങാം. പ്രത്യേകിച്ച് ഡിജിറ്റൽ മേഖല- മാർക്കറ്റിംഗിനും, നല്ല റിസർച്ച് ഇന്റലിജൻസ് – മാർക്കറ്റ് അറിഞ്ഞ് ബിസിനസ്സ് ചെയ്യാൻ സൗകര്യവും ഒരുക്കുന്ന കാലത്ത്!
India’s GDP touched 8.2 percent, but the bigger story is how uneven the country’s growth has become. Ranga Reddy in Telangana has now emerged as the richest district, driven by tech, pharma, life sciences, and aerospace companies. Kerala is far behind on this list even after many years of relying on money coming from Gulf countries, Europe, and the United States. That support is slowing down because of new nationalisation policies, stricter visas, and smaller salary advantages abroad. Many families in Kerala still depend on this income, so the state needs a new path. Local businesses already play a strong role, and there is plenty of talent returning home. The way forward is simple. Build more opportunities within the state instead of waiting for money from outside. This is the time for Kerala to grow through its own strength.
As foreign remittances face uncertainty, this analysis explores Kerala’s dependence on expatriate money and highlights high-growth MSME sectors (like Food, Digital Services) as the path to a sustainable economic future.
