ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതിലൂടെ ശ്രദ്ധ നേടുകയാണ് സ്കൈറൂട്ട് എയ്റോസ്പേസും കമ്പനിയും സിഇഒ പവൻ കുമാർ ചന്ദനയും. കണക്കിൽ പോലും ശരാശരി വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പിന്നീട് ഐഐടി ജെഇഇ കോച്ചിംഗിലൂടെ പഠനവുമായി പ്രണയത്തിലായി. ഗണിതത്തിനോടും ശാസ്ത്രത്തിനോടും ആ അഭിനിവേശം ഒരുപോലെ നീണ്ടു.

ഐഐടി പഠനത്തിനുശേഷം ഐഎസ്ആർഒയിലെ ജോലി വേണ്ടെന്നുവെച്ചാണ് അദ്ദേഹം ബിസിനസ് ലോകത്തേക്കെത്തുന്നത്. നാഗ ഭാരത് ഡാകയുമായി ചേർന്നാണ് അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസ് സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ആയ വിക്രം- എസ് നിർമ്മിച്ചതടക്കം കമ്പനി നേട്ടങ്ങളുടെ പാതയിലായി. തന്റെ കഴിവുകൾ ഇന്ത്യയിൽത്തന്നെ പ്രയോഗിക്കാൻ സന്നദ്ധനായതിലാണ് പവൻ കുമാറിനെ സമൂഹമാധ്യമങ്ങളിൽ അടക്കം അഭിനന്ദിക്കുന്നത്.
ഇന്റഗ്രേഷൻ ഫെസിലിറ്റി, ലോഞ്ച്പാഡ്, റേഞ്ച് കമ്മ്യൂണിക്കേഷൻസ്, ട്രാക്കിംഗ് സപ്പോർട്ട് തുടങ്ങി വിക്ഷേപണ സമയത്തും മറ്റും ചന്ദനയുടെ സ്കൈറൂട്ട് ഐഎസ്ആർഒ സേവനങ്ങൾ ഉപയോഗിക്കുന്നു. ഇറക്കുമതി ചെയ്ത ഏതാനും സെൻസറുകൾ ഒഴികെ വിക്രം- എസ് റോക്കറ്റിലെ എല്ലാ സംവിധാനങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചവയാണയെന്നതാണ് ദൗത്യത്തിന്റെ സവിശേഷത. വിക്രം- 1, വിക്രം- 2 എന്നീ റോക്കറ്റുകളും ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 3ഡി പ്രിന്റഡ് എൻജിനുകളുമായുള്ള ഇന്ത്യയുടെ ആദ്യ സ്വകാര്യ സ്പേസ് റോക്കറ്റാണ് ‘വിക്രം-1’.
റോക്കറ്റിന്റെ ഭാരം പകുതിയായി കുറയ്ക്കാനും നിർമാണ സമയം എൺപത് ശതമാനത്തോളം കുറയ്ക്കാനും സഹായിക്കുന്ന 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയാണ് വിക്രം1ന്റെ സവിശേഷത.ഒറ്റ വിക്ഷേപണത്തിൽ ഒന്നിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഓർബിറ്റൽ വിക്ഷേപണ വാഹനമാണ് വിക്രം1. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ ചരിത്രമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
അതിവേഗം വളരുന്ന സ്മോൾ സാറ്റലൈറ്റ് മാർക്കറ്റിനെ ലക്ഷ്യമിട്ടാണ് നാല് ഘട്ടങ്ങളുള്ള റോക്കറ്റുമായി സ്കൈറൂട്ടും പവൻ കുമാറും എത്തുന്നത്. 20 മീറ്റർ ഉയരവും 1.7 മീറ്റർ വ്യാസവുമുള്ള വിക്രം1 കാർബൺ കോമ്പൊസിറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. 1200 kN ത്രസ്റ്റ് ഉത്പാദിപ്പിക്കാനാകുന്ന റോക്കറ്റ് ഏത് സ്ഥലത്തുനിന്നും 24 മണിക്കൂറിനുള്ളിൽ അസംബിൾ ചെയ്ത് വിക്ഷേപിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
Learn about Pawan Kumar Chandana, the IITian who quit ISRO to found Skyroot Aerospace and launch India’s first private rocket, Vikram-S, spearheading the nation’s private space sector.
