തമിഴ്നാട്ടിൽ കപ്പൽശാല സ്ഥാപിക്കാൻ ദക്ഷിണ കൊറിയൻ കമ്പനി എച്ച്ഡി ഹ്യുണ്ടായി. കമ്പനിയുടെ രാജ്യത്തെ ആദ്യ കപ്പൽശാലയ്ക്കായി തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖ നഗരമാണ് എച്ച്ഡി ഹ്യുണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത്. മധുരയിൽ നടന്ന തമിഴ്നാട് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് 2025ൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി രാജ, എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എഞ്ചിനീയറിംഗ് (KSOE) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

സർക്കാരോ കമ്പനിയോ കൃത്യമായ നിക്ഷേപ വിഹിതം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പദ്ധതിക്ക് കുറഞ്ഞത് 2 ബില്യൺ ഡോളർ (ഏകദേശം ₹18000 കോടി) നിക്ഷേപം വരുമെന്ന് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും വലിയ കപ്പൽ നിർമാണ പദ്ധതിക്ക്, പ്രാരംഭ നിക്ഷേപമായി കുറഞ്ഞത് 2 ബില്യൺ ഡോളർ ആവശ്യമാണ്. പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നും അന്തിമ നിക്ഷേപ പ്രതിബദ്ധത വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നുമാണ് റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാതാക്കളിൽ ഒന്നായ എച്ച്ഡി ഹ്യുണ്ടായ് ഈ വർഷം ആദ്യം 5,000 കപ്പലുകൾ വിതരണം ചെയ്തുകൊണ്ട് പ്രധാന നാഴികക്കല്ല് പിന്നിട്ടു. വിയറ്റ്നാം, ഫിലിപ്പീൻസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ കമ്പനി ഇതിനകം കപ്പൽശാലകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ്, തമിഴ്നാട് ഗവൺമെന്റ്, എച്ച്ഡി ഹ്യുണ്ടായ് എന്നിവയുമായി ചേർന്ന് മെഗാ സ്കെയിൽ കപ്പൽശാല നിർമിക്കാനുള്ള “സ്മിത്ത് പ്രോജക്റ്റ്” സാധ്യമാക്കുമെന്ന് എച്ച്ഡി കെഎസ്ഒഇ കോർപ്പറേറ്റ് പ്ലാനിംഗ് വിഭാഗം വൈസ് പ്രസിഡന്റും മേധാവിയുമായ ഹന്നേ ചോയ് പറഞ്ഞു.
നേരത്തെ ഇന്ത്യയെ ആഗോള കപ്പൽ നിർമാണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മെഗാ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി തീരദേശ ഭൂമി കണ്ടെത്തിയിരുന്നു. പദ്ധതികൾക്കായി 18090 കോടി രൂപയുടെ കപ്പൽ നിർമാണ സാമ്പത്തിക സഹായ നയത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 25000 കോടി രൂപയുടെ വികസന ഫണ്ടിന് പുറമേയാണിത്. ബ്രേക്ക് വാട്ടർ സംരക്ഷണം, ഡ്രെഡ്ജിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ലോകോത്തര കപ്പൽശാലകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ മൂലധന പിന്തുണ നൽകുക എന്ന ലക്ഷ്യവുമായാണ് തുക നീക്കിവെച്ചിരിക്കുന്നത്.
South Korean shipbuilding giant HD Hyundai (KSOE) announced its first Indian shipyard will be built in Thoothukudi, Tamil Nadu, with an estimated investment of $2 billion (₹18000 Crore), strengthening the state’s maritime position.
