അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്കായി പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച ‘ട്രംപ് അക്കൗണ്ട്’ പദ്ധതി യാഥാർഥ്യമാകുകയാണ്. 2025 മുതൽ 2028 വരെ ജനിക്കുന്ന കുട്ടികൾക്ക് 1000 ഡോളർ സർക്കാർ നിക്ഷേപം ലഭിക്കുന്നതാണ് പദ്ധതി. അമേരിക്കയിൽ ജനിക്കുന്ന കുട്ടിക്ക് ജനനം മുതൽ മികച്ച സാമ്പത്തിക പശ്ചാത്തലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നികുതി ആനുകൂല്യങ്ങളുള്ള സേവിങ്സ് പ്രോഗ്രാമായ ട്രംപ് അക്കൗണ്ട് നടപ്പിലാക്കുന്നത്. യുഎസ്സിലെ പ്രമുഖ സംരംഭക ദമ്പതികളായ മൈക്കിൾ ഡെല്ലും ഭാര്യ സൂസനും 6.25 ബില്ല്യൺ ഡോളർ പദ്ധതിയിലേക്ക് സംഭാവന നൽകി സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ ഇരുവരുടേയും സംരംഭക യാത്രയും ജീവകാരുണ്യ പ്രവർത്തനങ്ങളും വാർത്തകളിൽ ഇടംപിടിക്കുകയാണ്.

പത്തൊമ്പതാം വയസിൽ പഠനം നിർത്തിയാണ് മൈക്കിൾ ‘ഡെൽ’ കമ്പനി സ്ഥാപിക്കുന്നത്. 1984ൽ ടെക്സാസ് സർവകലാശാലയിലെ പഠനത്തിനിടയിലാണ് ഡെൽ സ്വന്തമായി കംപ്യൂട്ടർ രൂപകൽപന ചെയ്തത്. 1000 ഡോളർ മുടക്കിയായിരുന്നു ഡെൽ ആദ്യ കംപ്യൂട്ടറുകൾ നിർമിച്ചത്. താൻ പഠനം അവസാനിപ്പിച്ചിറങ്ങിയ സർവകലാശാലകളിലെ വിദ്യാർഥികൾ തന്നെയായിരുന്നു ഡെല്ലിന്റെ ആദ്യ ഉപഭോക്താക്കൾ. വൈകാതെ ഡെൽ ലോകം അറിയുന്ന കംപ്യൂട്ടർ നിർമാണ കമ്പനിയായി മാറി.
ഇന്ന് 60 വയസ്സുള്ള മൈക്കിളിന്റെ ആസ്തി 148-151 ബില്യൺ ഡോളറാണ്. ഡെൽ (50%), വിഎംവെയർ (40%), ഫാമിലി ഓഫീസ് ഡിഎഫ്ഒ മാനേജ്മെന്റ് എന്നിവയിലെ ഓഹരികളാണ് അദ്ദേഹത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്. പിസികൾ, സെർവറുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ഡെൽ ടെക്നോളജീസിന് 90 ബില്യൺ ഡോളറിന്റെ വിപണി മൂലധനമുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫോർബ്സിന്റെ കണക്കനുസരിച്ച് നിലവിൽ ലോകത്തിലെ പത്താമത്തെ ധനികനായ മൈക്കിൾ, “ഡയറക്ട് ഫ്രം ഡെൽ”, “പ്ലേ നൈസ് ബട്ട് വിൻ” എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1989ലായിരുന്നു മൈക്കിൾ-സൂസൻ വിവാഹം. അന്നുമുതൽ ഡെല്ലിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് സൂസൻ. 1999ൽ ഇരുവരും ചേർന്ന് മൈക്കിൾ ആൻഡ് സൂസൻ ഡെൽ ഫൗണ്ടേഷൻ സ്ഥാപിച്ചു. വിദ്യാഭ്യാസം, കുടുംബ സാമ്പത്തിക സ്ഥിരത, ആഗോള ദാരിദ്ര്യ നിർമ്മാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഫൗണ്ടേഷന്റെ യാത്ര. ഫൗണ്ടേഷൻ ആരംഭിച്ചതുമുതൽ ഇന്നുവരെ ഏതാണ്ട് 2.9 ബില്യൺ ഡോളറിലധികം ഇവർ സംഭാവന ചെയ്തിട്ടുണ്ട്.
Dell founder Michael Dell and his wife Susan donated $6.25 billion to the “Trump Account” savings plan for US children. Learn about the couple’s philanthropic work and Michael Dell’s journey to becoming a $150 billion billionaire.
