ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ വരവേറ്റ് രാജ്യം. കൊൽക്കത്തയിൽ വിമാനമിറങ്ങിയ മെസ്സിയെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്. രാവിലെ നടന്ന ചടങ്ങിൽ കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ്ബ് നിർമിച്ച താരത്തിന്റെ പ്രതിമ അനാവരണം ചെയ്തു. 70 അടിയോളം ഉയരമുള്ള പ്രതിമയാണ് മെസ്സി അനാവരണം ചെയ്തത്. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സ്വീകരണ പരിപാടികളും നടന്നു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും മെസ്സിക്കൊപ്പം പരിപാടിയിൽ പങ്കാളിയായി. ഇന്ത്യയിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതിമ അനാവരണം ചെയ്ത ശേഷം മെസ്സി പ്രതികരിച്ചു.

‘GOAT ഇന്ത്യ ടൂർ 2025’ എന്നുപേരിട്ട സന്ദർശനം സ്പോർട്സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ലോകഫുട്ബോളിലെ മിശിഹയെ കൺമുന്നിൽ കാണാനുള്ള അവസരമാണ് ഇന്ത്യൻ ആരാധകർക്ക് കൈവന്നിരിക്കുന്നത്. മെസ്സിയും സംഘവും അടുത്ത മൂന്ന് ദിവസത്തോളം ഇന്ത്യയിൽ ചിലവഴിക്കും. കൊൽക്കത്തയ്ക്കു പുറമേ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നാലു നഗരങ്ങളിലെ വിവിധ പരിപാടികളിലാണ് താരം പങ്കെടുക്കുക. 2022 ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനാ ടീം നായകനും എട്ട് ബാലൺഡിയോർ പുരസ്‌കാരം ജേതാവുമാണ് മെസ്സി. താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന യുഎസ് ക്ലബ്ബായ ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും സന്ദർശനത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്.
7000 മുതൽ 10,000 വരെയാണ് മെസ്സി പങ്കെടുക്കുന്ന പൊതുചടങ്ങുകളിലെ ടിക്കറ്റ് നിരക്ക്. വിവിധ പരിപാടികളിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ജാക്കി ഷ്റോഫ്, ജോൺ എബ്രഹാം തുടങ്ങിവർ പങ്കെടുക്കുമെന്ന് ശതാദ്രു ദത്ത പറഞ്ഞു. ശനിയാഴ്ച ഹൈദരാബാദിലേക്കു തിരിക്കുന്ന താരം ഞായറാഴ്ച മുംബൈയിലും വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം തിങ്കളാഴ്ച ഡൽഹിയിലെത്തും. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തശേഷം ഉച്ചതിരിഞ്ഞ് ദുബായിലേക്ക് മടങ്ങും.
Football legend Lionel Messi arrived in Kolkata to a massive fan reception for his ‘GOAT India Tour 2025,’ unveiling a 70-foot statue and attending events with Shah Rukh Khan; he will visit Hyderabad, Mumbai, and Delhi over three days.
