ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിന് പ്രാധാന്യം നൽകുന്ന യുഎസ് പ്രതിരോധ നയ ബില്ലിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത സാമ്പത്തികവർഷത്തേക്കുള്ള നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രസിഡന്റ് ഒപ്പിട്ടതോടെ നിയമമായിരിക്കുകയാണ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന പങ്കിട്ട ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഊന്നൽ നൽകുക. ഇതോടൊപ്പം ചൈന ഉയർത്തുന്ന വെല്ലുവിളിയെ നേരിടുന്നതിനും ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് തുടക്കമിട്ട ചതുർരാഷ്ട്ര കൂട്ടായ്മയിലൂടെയടക്കം (Quad) ഇന്ത്യയുമായുള്ള അമേരിക്കയുടെ ഇടപെടൽ വിശാലമാക്കും.
ശക്തിയിലൂടെ സമാധാനം എന്ന തന്റെ അജണ്ടയാണ് നടപ്പിലാക്കപ്പെടുകയെന്ന് ട്രംപ് അറിയിച്ചു. ആഭ്യന്തര, വിദേശ ഭീഷണികളിൽ നിന്ന് യുഎസ്സിനെ സംരക്ഷിക്കാനും, പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താനും ഈ നിയമം പ്രാപ്തമാക്കും. ഇതോടൊപ്പം ഇന്ത്യയുമായുള്ള യുഎസ് ഇടപെടൽ വിശാലമാക്കുക, ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് വഴി സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന പങ്കിട്ട ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ബൈലാറ്ററൽ-മൾട്ടിലാറ്ററൽ ഇടപെടലുകൾ, സൈനികാഭ്യാസങ്ങളിലെ പങ്കാളിത്തം, വിപുലീകരിച്ച ഡിഫൻസ് ട്രേഡ്, ഹ്യുമാനിറ്റേറിയൻ എയ്ഡ്-ഡിസാസ്റ്റർ റെസ്പോൺസ് സഹകരണം എന്നിവയിലൂടെ സമുദ്ര സുരക്ഷയിൽ കൂടുതൽ സഹകരണം സാധ്യമാക്കാനും നീക്കം സഹായിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
2026 സാമ്പത്തിക വർഷത്തേക്കുള്ള ദേശീയ പ്രതിരോധ അംഗീകാര നിയമം, യുദ്ധ വകുപ്പ് (DoW), ഊർജ വകുപ്പ്, ദേശീയ സുരക്ഷാ പരിപാടികൾ, സ്റ്റേറ്റ് വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, ഇന്റലിജൻസ് കമ്മ്യൂണിറ്റി, മറ്റ് എക്സിക്യൂട്ടീവ് വകുപ്പുകൾ, ഏജൻസികൾ എന്നിവയ്ക്കുള്ള സാമ്പത്തിക വർഷത്തെ വിഹിതം അനുവദിക്കുന്നതിനും അംഗീകാരം നൽകിയിട്ടുണ്ട്.
US President Donald Trump signs the National Defense Authorization Act (NDAA), boosting military ties with India and reinforcing the Quad to ensure a free Indo-Pacific.
