ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നിർണായക സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യത്തിലേക്ക്. കരാറോടെ അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുന്നതിനൊപ്പം അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളർ നിക്ഷേപവും നടത്തും. കരാറിൽ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രഖ്യാപനം.

ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികബന്ധം വർധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാർ സഹായിക്കും. വിപണി പ്രവേശനം വർധിപ്പിക്കുന്നതിനൊപ്പം നിക്ഷേപം പ്രോത്സാഹിപ്പിക്കാനും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താനും കരാർ വഴിവെയ്ക്കും. വിവിധ മേഖലകളിലെ വ്യാപാരം, കർഷകർ, സംരംഭകർ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയവർക്കും കരാർ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. 2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ ഇന്ത്യാ സന്ദർശനത്തോടെയാണ് എഫ്‌ടിഎ ചർച്ചകൾ ആരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളിൽ കരാർ ചർച്ചകൾ പൂർത്തിയായിരിക്കുന്നത്. പ്രതിരോധം, കായികം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണവും ഇരുപക്ഷവും സ്വാഗതം ചെയ്യും.
അതേസമയം, ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ പ്രശംസിച്ചു. പുതിയൊരു നാഴികക്കല്ല് താണ്ടുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ വ്യാപാര നയതന്ത്രത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 20 ബില്യൺ ഡോളർ നിക്ഷേപം കൊണ്ടുവരുന്നതും ഇന്ത്യൻ സംരംഭകർ, കർഷകർ, എംഎസ്എംഇകൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്ക് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഇന്ത്യ-ന്യൂസിലാൻഡ് എഫ്‌ടിഎ, അഭിവൃദ്ധിയിലേക്കുള്ള പുതിയ വാതിലുകൾ തുറക്കും,മെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ പറഞ്ഞു.
India and New Zealand wrap up FTA talks to double trade in 5 years. The deal brings a $20 billion investment from NZ and opens doors for farmers and students.