ഐഐടി മദ്രാസിലെ ഹെൽത്ത്കെയർ ടെക്നോളജി ഇന്നൊവേഷൻ സെന്റർ ഡയറക്ടർ പ്രൊഫസർ മോഹനശങ്കർ ശിവപ്രകാശം 2025ലെ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരത്തിന് അർഹനായിരിക്കുകയാണ്. ഹെൽത്ത്കെയർ ടെക്നോളജി, ഇന്നോവേഷൻസ് എന്നിവയിലെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
മൊബൈൽ ഐ സർജിക്കൽ യൂണിറ്റാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പദ്ധതി. “ഹോസ്പിറ്റൽ ഓൺ വീൽസ്” എന്നറിയപ്പെടുന്ന ഈ മൊബൈൽ ഐ സർജിക്കൽ യൂണിറ്റ് ഇരുന്നൂറിലധികം ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് പേർക്കാണ് സേവനമെത്തിച്ചത്. ഈ ട്രക്ക് രൂപത്തിലുള്ള സർജിക്കൽ യൂണിറ്റ് വിവിധ ഗ്രാമങ്ങളിലെ 225 സ്ഥലങ്ങളിലായി 30,000 സർജറികൾ നടത്തി. ഇതിനു പുറമേ Eye PAC ഉപകരണം, VITALSENS വെയറബിളുകൾ, സ്മാർട്ട് ഐ, ബ്രെയിൻ സെന്റർ പ്രൊജക്റ്റ് എന്നിവയിലൂടെയും ഏദ്ദേഹം പ്രശസ്തനാണ്. 40 രാജ്യങ്ങളിൽ 1.2 കോടി ആളുകളെ സ്ക്രീൻ ചെയ്ത ഐ പാക്ക് ഉപകരണം ഗ്ലോകോമ, ഡയബറ്റിക് റെറ്റിനോപതി തുടങ്ങിയ രോഗങ്ങൾ പ്രാഥമികമായി കണ്ടെത്തുന്നു. അതേസമയം, വൈറ്റൽസെൻസ് വെയറബിളുകൾ പനി, ഹൃദയ നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കപ്പെടുന്നു. ബ്രെയിൻ സെന്റർ പ്രൊജക്റ്റിലൂടെ ലോകത്തിലെ 20 ലധികം ഗവേഷകരുമായി സഹകരിച്ച് സെല്ലുലാർ-റിസല്യൂഷൻ 3D ഹ്യൂമൻ ബ്രെയിൻ ആട്രസ് സൃഷ്ടിച്ചിട്ടുണ്ട്.
IIT മദ്രാസ് ഗവേഷണത്തെ പ്രായോഗിക, ഗ്രാമപ്രവേശ്യമുള്ള, ലോകോത്തര സാങ്കേതിക വിദ്യയാക്കി മാറ്റിയതിൽ പ്രൊഫസർ ശിവപ്രകാശത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, സാങ്കേതികവിദ്യാ അധിഷ്ഠിത നൂതനാശയം തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിഗതമായോ സംഘമായോ ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, നൂതനാശയ വിദഗ്ധർ എന്നിവർ നൽകിയ ശ്രദ്ധേയവും പ്രചോദനാത്മകവുമായ സംഭാവനകളെ അംഗീകരിക്കുക എന്നതാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരത്തിൻ്റെ ലക്ഷ്യം.
IIT Madras Prof. Mohanasankar Sivaprakasam wins Rashtriya Vigyan Puraskar 2025 for pioneering healthcare innovations like the ‘Hospital on Wheels’ and the 3D Human Brain Atlas.
