സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ വാണിജ്യപ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ശംഖ് എയർ. ഇതോടെ ശംഖ് എയർ സ്ഥാപകൻ ശ്രാവൺ കുമാർ വിശ്വകർമയും വാർത്തകളിൽ നിറയുകയാണ്.

എയർലൈൻ കമ്പനി സ്ഥാപിക്കാനുള്ള ശ്രാവണിന്റെ യാത്ര പ്രചോദനാത്മകമാണ്. കാൺപൂരിൽ ടെമ്പോ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ബിസിനസ് ലോകത്തേക്ക് കടക്കുകയും ക്രമേണ വളർച്ച നേടുകയുമായിരുന്നു. ഇടത്തരം കുടുംബത്തിൽ ജനിച്ച ശ്രാവൺ, സ്കൂൾ പഠനം ഉപേക്ഷിച്ചു. സ്റ്റീൽ (TMT) മേഖലയിലായിരുന്നു ആദ്യ ബിസിനസ്. അത് പിന്നീട് സിമൻറ്, ഖനനം, ഗതാഗതം എന്നിവയിലേക്ക് വ്യാപിച്ചു. ഏകദേശം 3-4 വർഷങ്ങൾക്ക് മുമ്പാണ് വ്യോമയാന രംഗത്തേക്ക് കടക്കാൻ അദ്ദേഹം തീരുമാനിച്ചത്. മധ്യവർഗത്തിന് താങ്ങാനാവുന്നതും വിശ്വസനീയവുമായ എയർലൈനുകളുടെ അഭാവം ഇന്ത്യയിലുണ്ടെന്നും അതിനു പരിഹാരമായി ശംഖ് എയർ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
2022ലാണ് ശ്രാവൺ ശംഖ് ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. ഇതിനു കീഴിലാലാണ് എയർലൈനിന്റെ പ്രവർത്തനം. നിർമാണ സാമഗ്രികൾ, സെറാമിക്സ്, കോൺക്രീറ്റ്, ഹോൾസെയിൽ പ്രൊഡക്റ്റ്സ് എന്നിവയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ശംഖ് ഏജൻസീസ്. കഴിഞ്ഞ വർഷത്തോടെ ശ്രാവൺ കുമാർ വ്യോമയാനത്തിലേക്ക് വികസിപ്പിച്ചുകൊണ്ട് ശംഖ് എയർലൈൻ ആരംഭിക്കാനുള്ള നീക്കത്തിലേക്കെത്തുകയായിരുന്നു. ഇതിനായി ശംഖ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. ലഖ്നൗ, നോയിഡയിലെ വരാനിരിക്കുന്ന ജെവാർ വിമാനത്താവളം, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് വിമാന സർവീസുകൾ വാഗ്ദാനം ചെയ്യാനാണ് ശംഖ് എയറിന്റെ പദ്ധതി.
Discover the inspiring journey of Shravan Kumar Vishwakarma, who rose from being a tempo driver in Kanpur to founding Shankh Air, Uttar Pradesh’s newest airline.
