ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിൽ പുതിയ ചുവടുവെയ്പ്പുമായി ബ്രിട്ടീഷ് കമ്പനി റോൾസ് റോയ്സ്. യുദ്ധവിമാനങ്ങൾ അടക്കം ശക്തമായ പ്രതിരോധ ആവശ്യങ്ങൾക്കുള്ള എൻജിനുകൾ ആഭ്യന്തര വിപണിയിൽ നിർമിക്കാനാണ് റോൾസ് റോയ്സ് ഒരുങ്ങുന്നത്. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകൾക്കായുള്ള തദ്ദേശീയ എഞ്ചിൻ വികസനം മുൻഗണനയായി നിലനിർത്തിക്കൊണ്ട്, ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് പദ്ധതിയിടുന്നതായി റോൾസ് റോയ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശശി മുകുന്ദൻ സ്ഥിരീകരിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി (AMCA) ഉയർന്ന പ്രകടനശേഷിയുള്ള പവർപ്ലാന്റ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുകയാണ് റോൾസ് റോയ്‌സ് ലക്ഷ്യമിടുന്നതെന്ന് മുകുന്ദൻ പറഞ്ഞു. പദ്ധതി ഫൈറ്റർ എഞ്ചിൻ പ്രോജക്റ്റ് എന്നതിനപ്പുറം എയ്‌റോസ്‌പേസ്, നേവൽ പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളിലെ ഇന്ത്യയുടെ നേട്ടങ്ങൾക്ക് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യുദ്ധ ടാങ്കുകളുടെ എൻജിനുകൾ ആഭ്യന്തര വിപണിയിൽ നിർമിക്കാൻ റോൾസ് റോയ്സ് പദ്ധതിയിട്ടിരുന്നു. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായി (DPSU) പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി കമ്പനി വ്യക്തമാക്കി. അർജുൻ മെയിൻ ബാറ്റിൽ ടാങ്കിനുള്ള (MBT) എഞ്ചിനുകളുടെ ഉത്പാദനം ആരംഭിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ (MoD) അന്തിമ അനുമതികൾക്കായി കാത്തിരിക്കുകയാണെന്നും കമ്പനി സ്ഥിരീകരിച്ചു. ഒരു ആഗോള എഞ്ചിൻ നിർമാതാവ് ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കൈമാറ്റ ഓഫറുകളിൽ ഒന്നാണിത്.
പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ ആഭ്യന്തരമായി രൂപകൽപന ചെയ്ത ശക്തിയേറിയ അർജുൻ യുദ്ധ ടാങ്ക്, ഭാരം കുറഞ്ഞ യുദ്ധ ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ തുടങ്ങിയവക്കുള്ള എൻജിനുകളാണ് നിർമിക്കുക. നാവിക സേനയ്ക്ക് വേണ്ടി 4000 എൻജിനുകൾ ആഭ്യന്തരമായി നിർമിക്കാനുള്ള പദ്ധതിയുമായും കമ്പനി മുന്നോട്ടുപോകുകയാണ്.
British giant Rolls-Royce plans to manufacture high-performance engines for India’s AMCA fighter jets and Arjun Main Battle Tanks. This marks a historic technology transfer in India’s defense sector.