ഇലക്ട്രോണിക്സ് നിർമ്മാണത്തിന് വൻ പ്രോത്സാഹനവുമായി കേന്ദ്രം. സാംസങ്, ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ്, ഡിക്സൺ എന്നിവയുൾപ്പെടെ 22 പുതിയ പ്രൊപ്പോസലുകളാണ് കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. ഏകദേശം 42,000 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടക നിർമ്മാണ നിക്ഷേപം ഉൾക്കൊള്ളുന്നതാണ് പ്രൊപ്പോസലുകൾ.

ഇലക്ട്രോണിക്സ് കമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീം (ECMS) പ്രകാരമുള്ള നിക്ഷേപങ്ങൾ വരും വർഷങ്ങളിൽ 2.6 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് നയിക്കുമെന്നും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. സമീപ വർഷങ്ങളിൽ, മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് നിർമ്മാണം രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കൾ മറ്റ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ചൈനയിൽ ഉൽപ്പാദിപ്പിക്കുന്ന ഘടകങ്ങളെ ആശ്രയിക്കുന്നതിനാൽ ഇറക്കുമതി കുറഞ്ഞിട്ടില്ല.
ആപ്പിൾ പോലുള്ള കമ്പനികൾ ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ട് ചൈനയ്ക്ക് എതിരാളിയായി മാറുകയാണ്. ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ്, എടിഎൽ ബാറ്ററി ടെക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മദർസൺ ഇലക്ട്രോണിക് കമ്പോണന്റ്സ് എന്നിവയുൾപ്പെടെയുള്ള വെൻഡർമാർ പുതിയ പദ്ധതി പ്രകാരം നിക്ഷേപം നടത്തും. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി അടക്കമുള്ളവ ഇലക്ട്രോണിക്സ് നിർമ്മാണം വർദ്ധിപ്പിക്കാൻ സഹായിച്ചതിനൊപ്പം പുതിയ പദ്ധതികൾ ഇലക്ട്രോണിക്സ് ഘടക നിർമാണം ശക്തമാക്കും.
11 വിഭാഗങ്ങളിലായി പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, കപ്പാസിറ്ററുകൾ, എൻക്ലോഷറുകൾ, ലിഥിയം-അയൺ സെല്ലുകൾ എന്നിവയുടെ ഉത്പാദനമാണ് പദ്ധതിയിലുള്ളത്. മഹാരാഷ്ട്രയിലും കർണാടകയിലും നാല് വീതം സൗകര്യങ്ങൾ വരും. ഇതോടൊപ്പം തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ മൂന്ന് വീതം ഉത്പാദന കേന്ദ്രങ്ങളും വരും. നേരത്തെ 5,500 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും പിന്നീട് 7,172 കോടി രൂപയുടെ 17 പദ്ധതികൾക്കും സർക്കാർ രണ്ട് ഘട്ടങ്ങളിലായി നിർദ്ദേശങ്ങൾ അംഗീകരിച്ചിരുന്നു.
India approves 22 electronics manufacturing projects worth ₹42,000 crore. Major players like Samsung, Foxconn, and Tata to boost domestic production of PCBs and Li-ion cells.
