2000 രൂപ നോട്ടുകൾ നിർത്തലാക്കി ഏകദേശം മൂന്ന് വർഷത്തിനു ശേഷം അവ സർക്കുലേഷനിൽ നിന്ന് പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). രാജ്യത്തുടനീളമുള്ള ആർബിഐ ഇഷ്യൂ ഓഫീസുകൾ വഴി 2000 രൂപ നോട്ട് തുടർന്നും കൈമാറ്റം ചെയ്യാം. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ ₹2000 നോട്ടുകൾ മാറ്റി നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ആർബിഐ ഇഷ്യു ഓഫീസുകൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ₹2000 നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിനായി സ്വീകരിക്കും. കൂടാതെ, പൊതുജനങ്ങൾക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇന്ത്യ പോസ്റ്റ് വഴി ₹2000 നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി അയയ്ക്കാമെന്നും ആർബിഐ അറിയിച്ചു. 2023 മെയ് 19ന് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. 2025 ഡിസംബർ 31ന് ഇത് 5,669 കോടി രൂപയായി കുറഞ്ഞു. ഇത്തരത്തിൽ, പ്രചാരത്തിലുണ്ടായിരുന്ന ₹2000 നോട്ടുകളുടെ 98.41%ഉം ഇപ്പോൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായാണ് ആർബിഐ വ്യക്തമാക്കുന്നത്.

2000 രൂപാ നോട്ടുകൾ കൈവശം വെച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും 2023 സെപ്റ്റംബർ 30നകം അവ മാറ്റിനൽകുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി പിന്നീട് 2023 ഒക്ടോബർ ഏഴാക്കി നീട്ടി. ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും ഒക്ടോബർ 7ന് അവസാനിപ്പിച്ചെങ്കിലും, പിന്നീട് ആർബിഐയുടെ 19 ശാഖകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തുല്യമായ തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ സൗകര്യം നൽകുകയായിരുന്നു.
ഡീമോണിട്ടൈസേഷനുമായി ബന്ധപ്പെട്ട്, 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച്, സമ്പദ്വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് ഇറക്കിയത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവിൽ മറ്റ് മൂല്യങ്ങളുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018-19ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവെയ്ക്കുകയായിരുന്നു. 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. മറ്റു മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം രാജ്യത്തെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണെന്ന് ആർബിഐ വിലയിരുത്തിയിരുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ സർക്കുലേഷനിൽനിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.
The RBI has successfully withdrawn 98.41% of ₹2000 notes from circulation. Learn how you can still deposit or exchange your remaining notes via RBI offices and India Post.
