ഇന്ത്യൻ ഉപഭോക്താക്കളുടെ നൊസ്റ്റാൾജിയയെ ആയുധമാക്കി പഴയ, സുപരിചിത ബ്രാൻഡുകൾ തിരിച്ചുകൊണ്ടുവരുന്ന തന്ത്രത്തിലാണ് റിലയൻസ്. കാമ്പ, BPL, കെൽവിനേറ്റർ, വെൽവെറ്റ് തുടങ്ങിയ ബ്രാൻഡുകൾ വീണ്ടും വിപണിയിലെത്തിച്ച് എഫ്എംസിജി, കൺസ്യൂമർ ഇലക്ട്രോണിക്സ് മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് കമ്പനി. കാമ്പയുടെ തിരിച്ചുവരവ് ഇതിനകം ഫലം കണ്ടതോടെയാണ് ഈ തന്ത്രം മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
2024 സാമ്പത്തിക വർഷത്തിൽ ₹3,000 കോടി വിറ്റുവരവുണ്ടായിരുന്ന റിലയൻസിന്റെ എഫ്എംസിജി ബിസിനസ് 2025 സാമ്പത്തിക വഷത്തോടെ ₹11,500 കോടിയിലേക്ക് കുതിച്ചു. FY26 ജൂലൈ–സെപ്റ്റംബർ പാദത്തിൽ മാത്രം ₹5,400 കോടി വരുമാനമാണ് റിലയൻസ് എഫ്എംസിജി രേഖപ്പെടുത്തിയത്. കാമ്പ ഇതിനകം തന്നെ ഈ ബിസിനസിലെ ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇതോടൊപ്പം Ravalgaon candies, പേഴ്സണൽ കെയറിൽ വെൽവെറ്റ് തുടങ്ങിയ പഴയ ബ്രാൻഡുകൾ ഏറ്റെടുത്തു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ വിഭാഗങ്ങളിൽ BPL, കെൽവിനേറ്റർ എന്നിവ പുനരവതരിപ്പിച്ചും ഉപഭോക്തൃ വിപണി പിടിക്കാനാണ് റിലയൻസിന്റെ നീക്കം.

20–30 ശതമാനം വരെ കുറഞ്ഞ വില, റീട്ടെയിലർമാർക്ക് ആകർഷകമായ മാർജിൻ, സ്വന്തം റീട്ടെയിൽ ശൃംഖല മുതൽ ചെറുകിട കച്ചവടക്കാർക്കുള്ള വേഗത്തിലുള്ള വിതരണവ്യാപനം—ഇതാണ് റിലയൻസ് പിന്തുടരുന്ന തന്ത്രം. ആഗോള ബ്രാൻഡുകളുടെ ശക്തമായ മത്സരം നിലനിൽക്കുന്നുണ്ടെങ്കിലും, ടയർ-2, ടയർ-3 നഗരങ്ങളിലെ കുറഞ്ഞ ഉപഭോഗനിരക്കും, വലിയ മൂലധനശേഷിയും റിലയൻസിന് അനുകൂലമാണെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു. നൊസ്റ്റാൾജിയ, വിലമത്സരം, വിതരണശേഷി—ഈ മൂന്നിനെയും ചേർത്ത് ദീർഘകാല പോരാട്ടത്തിനാണ് റിലയൻസ് തയ്യാറെടുക്കുന്നത്.
Reliance is reviving iconic brands like Campa, BPL, and Kelvinator to dominate the FMCG and electronics markets. FMCG revenue surged to ₹11,500 crore in FY25.
