ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യവസായികളിൽ ഒരാളാണ് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന്, തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമെന്ന പ്രഖ്യാപനത്തിലൂടെ തലക്കെട്ടുകളിൽ നിറയുകയാണ് അനിൽ അഗർവാൾ. ഫോർബ്‌സ് റിയൽ ടൈം ബില്യണേർ പട്ടിക പ്രകാരം, അനിൽ അഗർവാളിന്റെ ആസ്തി 3.3 ബില്യൺ ഡോളറാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വേദാന്തയിലെ അദ്ദേഹത്തിന്റെ ഭൂരിപക്ഷ ഓഹരികളിൽ നിന്നാണ്.

1976ൽ സ്ഥാപിച്ച സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസാണ് അനിൽ അഗർവാളിന്റെ സംരംഭക ജീവിത്തതിൽ വഴിത്തിരിവായത്. ഇന്ത്യയിൽ കോപ്പർ സ്മെൽറ്ററും റിഫൈനറിയും സ്ഥാപിച്ച ആദ്യ സ്വകാര്യ കമ്പനിയാണ് സ്റ്റെർലൈറ്റ്. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് പ്രവേശനം നേടുന്നതിനായി, അനിൽ അഗർവാളും സംഘവും 2003ൽ ലണ്ടനിൽ വേദാന്ത റിസോഴ്‌സസ് പിഎൽസി സംയോജിപ്പിച്ചു. പതിറ്റാണ്ടുകളായി വേദാന്ത എന്നറിയപ്പെടുന്ന സ്ഥാപനം കെട്ടിപ്പടുത്ത അഗർവാൾ, നിരവധി വിവാദങ്ങൾക്കിടയിലും തളരാതെ ബിസിനസ്സ് കെട്ടിപ്പടുത്തു.
അനിൽ അഗർവാളിന്റെ മകനും വ്യവസായിയുമായ അഗ്നിവേശ് അഗർവാൾ കഴിഞ്ഞദിവസമാണ് യുഎസിൽ അന്തരിച്ചത്. സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ൃവേദാന്ത ഗ്രൂപ്പിന് കീഴിൽ ‘ഫുജൈറ ഗോൾഡ്’ എന്ന കമ്പനി സ്ഥാപിച്ച അഗ്നിവേശ്, ‘ഹിന്ദുസ്ഥാൻ സിങ്കി’ന്റെ ചെയർമാനുമായി. തൽവാണ്ടി സാബോ പവർ ലിമിറ്റഡ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.