8 ബില്യൺ ഡോളറിന്റെ അന്തർവാഹിനി നിർമ്മാണ കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്ത് ജർമ്മനിയും ഇന്ത്യയും. കരാർ യാഥാർത്ഥ്യമായാൽ, ഇന്ത്യയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിരോധ കരാറായി ഇതു മാറുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ചർച്ച ചെയ്ത കരാറിൽ അന്തർവാഹിനി നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറ്റവും ഉൾപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ നാവികസേനയ്ക്ക് ഏകദേശം ഒരു ഡസനോളം റഷ്യൻ അന്തർവാഹിനികളും ആറ് പുതിയ ഫ്രഞ്ച് നിർമ്മിത മോഡലുകളുമാണ് ഉള്ളത്. ചർച്ചയിലിരിക്കുന്ന കരാർ മുന്നോട്ട് പോയാൽ, മൂന്ന് ഫ്രഞ്ച് അന്തർവാഹിനികൾ കൂടി വാങ്ങാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിക്കുമെന്നും റിപ്പോർട്ടുണ്ട്. ജർമ്മനിയുടെ തൈസെൻക്രുപ്പ് മറൈൻ സിസ്റ്റംസ് ജിഎംബിഎച്ച്, ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് എന്നിവ കപ്പലുകൾ നിർമ്മിക്കാൻ ഒരുമിച്ച് പ്രവർത്തിക്കും. എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനമാണ് പുതിയ അന്തർവാഹിനികളുടെ സവിശേഷത. ഇത് ദൈർഘ്യം വർദ്ധിപ്പിക്കുകയും ഡീസൽ-ഇലക്ട്രിക് പ്രൊപ്പൽഷനേക്കാൾ കൂടുതൽ നേരം സബ്മേർജിങ്ങിന് അനുവദിക്കുകയും ചെയ്യും. ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ മെർസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.