പിലാനി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിനു (BITS) വൻ തുക സംഭാവന നൽകി പൂർവവിദ്യാർത്ഥിയും ന്യൂയോർക്ക് ജെപി മോർഗൻ ചേസ് എംഡിയുമായ മഹേഷ് സാംദാനി. മഹേഷും ഭാര്യ പൂർവ ലാധയും ചേർന്ന് 10 ലക്ഷം ഡോളറിന്റെ സംഭാവനയാണ് ബിർല ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയിരിക്കുന്നത്. പുതിയ സ്കോളർഷിപ്പ് എൻഡോവ്മെന്റ് സ്ഥാപിക്കുന്നതിനായാണ് ഈ സംഭാവന. സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച്, 2026–27 അധ്യയന വർഷം മുതൽ മെറിറ്റ്-കം-നീഡ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകും.

മഹേഷ് സാംദാനി മാതാവ് കൗശല്യാദേവി സാംദാനിയുടെ സ്മരണയിൽ ‘കൗശല്യാദേവി സാംദാനി സ്കോളർഷിപ്പ് എൻഡോവ്മെന്റ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. മികച്ച അക്കാഡമിക് പ്രകടനത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിറ്റ്സ് പിലാനിയുടെ നിലവിലെ സ്കോളർഷിപ്പ് സംവിധാനത്തിലൂടെയായിരിക്കും പ്രതിവർഷം ഈ സഹായം വിതരണം ചെയ്യുക.
ബിർല ഇൻസ്റ്റിറ്റ്യൂട്ടിൽ 1986 ബാച്ച് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ മഹേഷ്, നിലവിൽ ന്യൂയോർക്കിലെ ജെപി മോർഗൻ ചേസ് & കമ്പനിയിൽ മാനേജിംഗ് ഡയറക്ടറാണ്. ആഗോള ബാങ്കിങ്-ഫിനാൻസ് രംഗത്ത് ദീർഘകാല പരിചയമുള്ള അദ്ദേഹം, പ്ലേസ്മെന്റ് പ്രവർത്തനങ്ങൾ, പ്രാക്ടീസ് സ്കൂൾ പരിപാടികൾ, അക്കാഡമിക് സംവാദങ്ങൾ തുടങ്ങിയവ വഴി സ്ഥാപനവുമായി തുടർച്ചയായി ബന്ധം പുലർത്തിയിട്ടുണ്ടെന്ന് ബിറ്റ്സ് പിലാനി അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസം ദീർഘകാല അവസരങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും ശക്തമായ മാർഗമാണെന്ന കുടുംബ വിശ്വാസത്തിന്റെ ഭാഗമായാണ് ഈ സംഭാവനയെന്ന് സംദാനി അറിയിച്ചു.
BITS Pilani alumnus and JP Morgan MD Mahesh Samdani has donated $1 million to establish the Kaushalyadevi Samdani Scholarship for meritorious female students.
