2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. ഞായറാഴ്ചയാണെങ്കിലും ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകുകയായിരുന്നു. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ജനുവരി 29ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. ജനുവരി 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രിൽ 2 വരെ നീളുന്നതാണ്.

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുക. ജനുവരി 28ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടർന്ന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 9ന് സഭ വീണ്ടും ചേർന്ന് ഏപ്രിൽ 2 വരെ നീളുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. അതേസമയം നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. ഇതോടെ നിർമല 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മൊറാർജി ദേശായിയുടെ നേട്ടത്തിന് തൊട്ടടുത്തെത്തും.
Finance Minister Nirmala Sitharaman will present the Union Budget 2026 on February 1. Discover the historic milestones of her 9th consecutive budget and the full Parliament session schedule.