ഗാനഗന്ധർവൻ എന്ന വിശേഷണം കേൾക്കുമ്പോൾത്തന്നെ അതാരെക്കുറിച്ചാണെന്ന് മലയാളികളോട് പ്രത്യേക വിശദീകരണത്തിന്റെ ആവശ്യമേയില്ല. ലോകത്ത് മലയാളികൾ ഉള്ളിടത്തെല്ലാം ആറുപതിറ്റാണ്ടിലേറെയായി ഒഴുകുന്ന സ്വരവിസ്മയമാണ് കെ.ജെ. യേശുദാസ്, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമായിത്തീർന്ന അപൂർവത. വിവിധ ഇന്ത്യൻ ഭാഷകളിലായി അൻപതിനായിരത്തിലേറെ ഗാനങ്ങൾ, എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം, 25 സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിങ്ങനെ നീളുന്നു ആ അതിശയം.

1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കർണാടക സംഗീത രംഗത്തും സാന്നിധ്യം അറിയിച്ചു. അച്ഛൻ പാടി തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരം മ്യൂസിക് അക്കാഡമി, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടി.
1961നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ.എസ്. ആന്റണിയുടെ കാൽപാടുകൾ എന്ന സിനിമയിലായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിന്റെ ജൈത്രയാത്രയായിരുന്നു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം എട്ട് തവണ യേശുദാസിനെ തേടിയെത്തി. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗാനങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കി. നിരവധി ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷ്, അറബിക്, ലാറ്റിൻ, റഷ്യൻ എന്നീ ഭാഷകളിൽ പോലും സംഗീതത്തിന് അതിരുകളില്ലായെന്ന തരത്തിൽ അദ്ദേഹം വൈവിധ്യത്തെ പുനർനിർവചിച്ചു.
Explore the extraordinary life and musical journey of K. J. Yesudas. From his first recording in 1961 to winning 8 National Awards and singing 50,000+ songs, discover why he is celebrated as the undisputed ‘Ganagandharvan’ of Indian music.