ആറളം ചിത്രശലഭ സങ്കേതം എന്ന പേര് സ്വീകരിച്ച് ആറളം വന്യജീവി സങ്കേതം. അസാധാരണ ഗസറ്റ് വിജ്ഞാപനം വഴിയാണ് വന്യജീവിസങ്കേതം ചിത്രശലഭ സങ്കേതം എന്ന് പുനർനാമകരണം നടത്തിയുള്ള ഉത്തരവിറക്കിയത്. വൈവിധ്യമാർന്ന ചിത്രശലഭങ്ങൾകൊണ്ട് ശ്രദ്ധേയമാണ് ആറളം. ചിത്രശലഭങ്ങളുടെ സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം കണക്കിലെടുത്ത് ആറളത്തെ ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ വർഷം ജൂൺ 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് യോഗത്തിൽ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 25 വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളെ നിരീക്ഷിച്ചു വരുന്നുണ്ട്. തുടർച്ചയായി നടത്തിവരുന്ന സർവ്വേ കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളം വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ശലഭവൈജാത്യം കാത്തുസൂക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമുള്ള അംഗീകാരമായാണ് നീക്കം കണക്കാക്കപ്പെടുന്നത്. വിനോദ സഞ്ചാര-പ്രകൃതിപഠന മേഖലയിലും ആറളത്തിന്റെ മുന്നേറ്റത്തിന് പുതിയ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. 1984ൽ സ്ഥാപിതമായ ആറളം വന്യജീവിസങ്കേതത്തിൽ, 2000 മുതൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വാർഷിക ചിത്രശലഭ സർവേ നടത്തുന്നുണ്ട്. 2005ൽ ‘ബട്ടർഫ്ലൈ ഇന്ത്യാ മീറ്റും’ സംഘടിപ്പിച്ചിരുന്നു. ചിത്രശലഭ സർവേയുടെ 25-ാം വാർഷികത്തിലാണ് പുതിയ തീരുമാനം വരുന്നത്. സർവേയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിലാണ് ആറളം വന്യജീവി സങ്കേതത്തെ ആറളം ചിത്രശലഭ സങ്കേതമായി പ്രഖ്യാപിച്ചത് എന്ന സവിശേഷതയുമുണ്ട്.
Aralam Wildlife Sanctuary in Kerala is officially renamed ‘Aralam Butterfly Sanctuary’. Home to 266 out of 327 butterfly species in Kerala, this recognition boosts conservation and ecotourism.
