വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത എയർപോർട്ടുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ സഹായിക്കുന്ന കോഡ് ഷെയറിങ് സഹകരണത്തിന് എയർ ഇന്ത്യയും (Air India) സൗദിയ എയർലൈൻസും (Saudia Airlines). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടക്കം ഗുണം ലഭിക്കുന്ന കോഡ് ഷെയറിങ് ഫെബ്രുവരി മുതൽ ആരംഭിക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്ന നീക്കം, ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം-ബിസിനസ് രംഗത്തിന് ഗുണകരമാകും.

കരാർ പ്രകാരം, രണ്ട് എയർലൈനുകളിലെയും യാത്രക്കാർക്ക് ഒറ്റ ടിക്കറ്റ് ബുക്കിംഗ്, ഏകോപിത ഫ്ലൈറ്റ് ഷെഡ്യൂളുകൾ, അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ലഗേജ് ചെക്ക്-ത്രൂ എന്നിങ്ങനെയുള്ള പ്രയോജനങ്ങൾ ലഭിക്കും. കോഡ് ഷെയറിങ് വരുന്നതോടെ, ജിദ്ദയിലേക്കോ റിയാദിലേക്കോ എയർ ഇന്ത്യ വിമാനത്തിലെത്തുന്ന യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ സൗദിയ എയർലൈൻ വിമാനത്തിൽ ദമാം, ജിസാൻ, മദീന തുടങ്ങിയ സൗദി അറേബ്യയിലെ മറ്റു നഗരങ്ങളിലേക്ക് പോകാനാകും. അതുപോലെ മുംബൈയിലോ ഡൽഹിയിലോ സൗദിയ വിമാനത്തിലെത്തുന്നവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് എയർ ഇന്ത്യ വിമാനത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ലഖ്നൗ, ജയ്പൂർ തുടങ്ങിയ 15ലധികം നഗരങ്ങളിലെത്താനാകും.
Air India and Saudia partner for a codeshare agreement starting February. This collaboration will offer seamless travel between major Indian and Saudi Arabian cities with single-ticket booking.
