കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ (KBF) നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി. ഫൗണ്ടേഷന്റെ സഹസ്ഥാപകനും പ്രസിഡന്റും കെബിഎഫ് ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്നു ആർട്ടിസ്റ്റ്-ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രതിനിധി വ്യക്തമാക്കി.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി, 2012ൽ ആർട്ടിസ്റ്റ് റിയാസ് കോമുവിനോടൊപ്പം ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ അദ്ദേഹം ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് രാജിവെച്ചിരിക്കുന്നത്. ഇത് നിരവധി ഊഹോപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. രാജികാര്യത്തെക്കുറിച്ച് ബോസ് കൃഷ്ണാമാചാരി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2025 ഡിസംബർ 12ന് ആരംഭിച്ച ആറാം പതിപ്പ് 2026 മാർച്ച് 26 വരെ നീളും. അതേസമയം കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി.വേണു വ്യക്തമാക്കി.
Bose Krishnamachari, co-founder and President of Kochi Biennale Foundation, has resigned citing personal reasons.Read more about the transition during the 6th edition of the Biennale.