ഒരിടക്കാലത്തിനു ശേഷം കേരളത്തോടുള്ള തൊട്ടുകൂടായ്മ അവസാനിപ്പിച്ചു കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യൻ റെയിൽവേ. ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഗുരുവായൂർ പാസഞ്ചറിന് പുറമേ മൂന്ന്അമൃത് ഭാരത്ട്രെയിനുകളും കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നു.പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഈ ട്രെയിനുകളും ഓടിത്തുടങ്ങും.

മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെ നാല് പുതിയ ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. അമൃത് ഭാരത് വിഭാഗത്തിൽ ഉൾപ്പെടുന്ന മൂന്ന് ദീർഘദൂര ട്രെയിനുകൾക്ക് പുറമേ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗുരുവായൂർ–തൃശ്ശൂർ പാസഞ്ചർ സർവീസുമാണ് സംസ്ഥാനത്തിന് പുതുതായി ലഭിക്കുന്നത്.
തിരുവനന്തപുരം–താംബരം,
തിരുവനന്തപുരം–ഹൈദരാബാദ്,
നാഗർകോവിൽ–മംഗളൂരു എന്നിവയാണ് കേരളത്തിന് ലഭിക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ
അടുത്ത ആഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ആറു പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതിൽ കേരളത്തിന് അനുവദിച്ച നാല് ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് അമൃത് ഭാരത് ട്രെയിനുകളുമാണ് ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നത്. തമിഴ്‌നാടിന് നാഗർകോവിൽ–ചർലാപ്പള്ളി, കോയമ്പത്തൂർ–ധൻബാദ് എന്നീ അമൃത് ഭാരത് സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്.
റെയിൽവേ വികസനത്തിന്റെ ഭാഗമായി ഷൊർണൂർ–നിലമ്പൂർ പാതയുടെ വൈദ്യുതീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ സ്റ്റേഷനുകളാണ് ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചത്.
പുതിയ ഗുരുവായൂർ–തൃശ്ശൂർ പാസഞ്ചർ സർവീസും സംസ്ഥാനത്തിന് പുതിയൊരു യാത്രാസൗകര്യമായി മാറും. ദിവസേന സർവീസ് നടത്തുന്ന ഗുരുവായൂർ–തൃശ്ശൂർ പാസഞ്ചർ വൈകുന്നേരം 6.10-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുകയും 6.50-ന് തൃശ്ശൂരിലെത്തുകയും ചെയ്യും. തിരിച്ച് രാത്രി 8.10-ന് തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട് 8.45-ന് ഗുരുവായൂരിൽ എത്തും.
Indian Railways allocates 3 Amrit Bharat trains and a new Guruvayur-Thrissur passenger for Kerala. PM Narendra Modi will flag off these services during his visit to Thiruvananthapuram