ഐടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിടുന്ന സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയര്‍ ഹോം കൊട്ടാരക്കരയിൽ യാഥാർഥ്യമാകുന്നു. ഈയാഴ്ച പ്രവർത്തനം തുടങ്ങുന്ന ആധുനിക തൊഴിലിടം അവസാന മിനുക്കുപണികളിലാണ്. ആറ് കോടിയിലധികം രൂപ ചെലവാക്കി നിര്‍മിച്ച വർക്ക് നിയര്‍ ഹോമില്‍ 60-ഓളം പേര് ഇതിനോടകം സീറ്റുകള്‍ റിസര്‍വ് ചെയ്ത് കഴിഞ്ഞു. ജനുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയന് വര്‍ക് നിയര്‍ ഹോം ഉദ്ഘാടനം ചെയ്യും.
അഭ്യസ്തവിദ്യരായവര്‍ക്ക് ഏത് അന്താരാഷ്ട്ര കമ്പനിയിലേക്കും ജോലി ചെയ്യുന്നതിന് മികച്ച സാധ്യതകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയര്‍ ഹോം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്ത് ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 9250 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട് നില കെട്ടിടത്തില്‍ 141 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. ഇവിടെ ഇന്റര്‍നെറ്റ്, ജനറേറ്റര്‍, ശീതീകരണ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന വീട്ടമ്മമാര്‍ക്കും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ജോലിക്ക് പോകേണ്ടി വരുന്നവര്‍ക്കും പദ്ധതി പ്രയോജനകരമാകും.
കുറഞ്ഞത് 5000 പേര്‍ക്കെങ്കിലും കൊട്ടാരക്കരയിലെ ഐടി മേഖലയുടെ വികസനത്തോടെ ജോലി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സോഹോ കോര്പ്പറേഷന്, ടെന്‍ഡര്‍ പൂര്‍ത്തിയായ ഐടി പാര്‍ക്ക്, വർക്ക് നിയര്‍ ഹോം ഉള്‍പ്പെടെ കൊട്ടാരക്കരയുടെ ഐടി മേഖല വികസനത്തിന്റെ പാതയിലാണ്.
Chief Minister Pinarayi Vijayan will inaugurate Kerala’s first ‘Work Near Home’ (WNH) center in Kottarakkara on January 19. A ₹6 crore project providing 141 workstations for IT professionals.
