ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഉടൻ യാഥാർഥ്യമാകുമെന്ന് സൂചന. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) നാലിലൊന്ന് വിഹിതം കൈയ്യാളുന്ന കരാറിലൂടെ ഏകദേശം 200 കോടി ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂറ്റൻ വിപണിയാണ് സൃഷ്ടിക്കപ്പെടുക. ആഗോള വിതരണ ശൃംഖലയെ പുനർനിർമിക്കാനും വ്യാപാര ബന്ധങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കാനും ശേഷിയുള്ളതാണ് ഇന്ത്യ-ഇയു ഉടമ്പടി.

2007ൽ കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും നടപ്പാക്കുന്നതിൽ തടസം നേരിടുകയായിരുന്നു. ഓട്ടോമൊബൈൽ, വൈൻ, സ്പിരിറ്റ് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ആവശ്യവും വിദഗ്ധ തൊഴിലാളികൾക്ക് വിസ നൽകുന്നതിലും യാത്രാ സൗകര്യങ്ങളിലും ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യവുമാണ് നിലവിൽ പ്രധാന തടസ്സങ്ങൾ. ഇവയ്ക്കു പുറമേ, പരിസ്ഥിതി മാനദണ്ഡങ്ങൾ, പൊതു സംഭരണം, നിയന്ത്രണങ്ങളുടെ ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ തുടരുകയാണ്.
ഇന്ത്യ സന്ദർശിക്കാനിരിക്കുന്ന ഉർസുല വോൺ ഡെർ ലെയ്ൻ ഈ വിഷയങ്ങൾ പരിഹരിക്കാൻ ഇടപെട്ടേക്കുമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. മാസാവസാനം നടക്കുന്ന ഇന്ത്യ-യുറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച സുപ്രധാന പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ യാഥാർഥ്യമായാൽ ഇന്ത്യയുടെ ആഗോള വിതരണ ശൃംഖലയിലെ സ്ഥാനം ശക്തമാക്കുകയും ആഗോള വ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യും.
The India-European Union Free Trade Agreement (FTA) is nearing completion. European Commission President Ursula von der Leyen hints at a historic deal covering 25% of global GDP and 2 billion people.
