പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ പുറത്തിറങ്ങി. തിരുവനന്തപുരം നോർത്ത്-ചർലാപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ സമയക്രമമാണ് സൗത്ത് സെൻട്രൽ റെയിൽവേ പുറത്തിറക്കിയത്. ആകെ 29 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തിൽ 13 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

വീക്ക്ലി സർവീസായി ഓടുന്ന ട്രെയിൻ നമ്പർ 17042 തിരുവനന്തപുരം നോർത്ത്-ചർലാപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് ബുധനാഴ്ചകളിൽ വൈകിട്ട് 5.30നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തുടർന്ന് എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, ഗുണ്ടൂർ വഴി പിറ്റേ ദിവസം രാത്രി 11.30ഓടെ ചർലാപ്പള്ളിയിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം മടക്കയാത്രയിൽ 17041 നമ്പർ ചർലാപ്പള്ളി-തിരുവനന്തപുരം നോർത്ത് അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 2.45ന് തുരുവനന്തപുരത്തെത്തും. വർക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ എന്നിങ്ങനെയാണ് ട്രെയിനിന് കേരളത്തിലെ സ്റ്റോപ്പുകൾ.
എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ഭിന്നശേഷി സൗഹൃ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ഈ ട്രെയിനിനുള്ളത്. കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു.
Check the official timings and stops for the Thiruvananthapuram North–Charlapalli Amrit Bharat Express. The train features 29 total stops with 13 key stations in Kerala.