ഈ വർഷത്തെ പത്മ പുരസ്കാരങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി സ്ഥാപിച്ച മുൻ ബസ് കണ്ടക്ടർ അങ്കെ ഗൗഡയെന്ന കർണാടകക്കാരൻ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ‘അൺസങ് ഹീറോസ്’ വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരം ലഭിച്ചത്.

കർണാടകയിലെ മന്ധ്യ ജില്ലയിലാണ് അങ്കെ ഗൗഡ ജനിച്ചത്. മുൻ ബസ് കണ്ടക്ടറായ അദ്ദേഹം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആക്സസ് ലൈബ്രറിയായ ‘പുസ്തക് മാനെ’ സ്ഥാപിച്ചു. ഗൗഡ ഒരു നല്ല വായനക്കാരനാണ്, പുസ്തകങ്ങളോടുള്ള തന്റെ അഭിനിവേശത്തെ ഒരു പൊതു വായനാ ഇടമാക്കി മാറ്റി. മൈസൂരുവിനടുത്തുള്ള ഹരലഹള്ളി ഗ്രാമത്തിലാണ് ‘ദി അങ്കെ ഗൗഡ ബുക്ക് ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന സ്വകാര്യ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. 20 ഭാഷകളിലായി ഇരുപത് ദശലക്ഷത്തിലധികം പുസ്തകങ്ങൾ, അപൂർവ കയ്യെഴുത്തുപ്രതികൾ തുടങ്ങിയവ ഇവിടെയുണ്ട്. ഇതിൽ 5 ലക്ഷം അപൂർവ വിദേശ പുസ്തകങ്ങളും 5000 നിഘണ്ടുകളുമുണ്ട്. നിരവധി ഗവേഷകർ, വിദ്യാർത്ഥികൾ, എഴുത്തുകാർ, സിവിൽ സർവീസ് ആസ്പിറന്റ്സ്, സുപ്രീം കോടതി ജഡ്ജിമാർ പോലും ലൈബ്രറി സന്ദർശിക്കുന്നു.
ആലപ്പുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ കൊല്ലക്കയിൽ ദേവകി അമ്മയും പത്മശ്രീ പുരസ്കാരത്തിന് അർഹയായി. അസാധാരണ സംഭാവനകൾ നൽകുന്ന സാധാരണ ഇന്ത്യക്കാരെ അംഗീകരിക്കുക എന്ന ഉദ്ദേശത്തിലാണ് ‘അൺസങ് ഹീറോസ്’ വിഭാഗത്തിൽ പത്മശ്രീ പുരസ്കാരങ്ങൾ നൽകിവരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അറിയപ്പെടാത്ത, വിവിധ തലങ്ങളിൽ വലിയ സംഭാവന നൽകിയ വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
Meet Anke Gowda, the former bus conductor awarded Padma Shri for building ‘Pustaka Mane’, a library with 20 million books. A true story of an unsung hero from Karnataka.
