പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരിയിൽ ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മോഡിയെ ഔദ്യോഗികമായി ക്ഷണിച്ചതായി ഇസ്രായേൽ അംബാസഡർ റുവെൻ അസാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യ–ഇസ്രായേൽ ബന്ധത്തിന്റെ വേഗമേറിയ വികസനവും പ്രതിരോധ സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂന്നാം കാലാവധിയിലെ അദ്ദേഹത്തിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമാകുമിത്. ഏകദേശം ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശനത്തിന് ഒരുങ്ങുന്നത്. ഈ മാസം ആദ്യം പ്രധാനമന്ത്രി മോഡിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോൺ വഴി ചർച്ചകൾ നടത്തിയിരുന്നു. ഭീകരവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നയം തുടരുമെന്ന് ഇരു രാജ്യങ്ങളും അന്ന് വ്യക്തമാക്കിയിരുന്നു. ഗാസ സമാധാന പദ്ധതി നടപ്പാക്കലും പുരോഗതിയും സംബന്ധിച്ചും നെതന്യാഹു വിശദീകരിച്ചു. മേഖലയിലെ നീതിയുക്തവും ദീർഘകാലവുമായ സമാധാനത്തിന് ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി മോഡി ആവർത്തിച്ചു.
കഴിഞ്ഞ വർഷം വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും മന്ത്രി പീയുഷ് ഗോയലും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇസ്രായേൽ സാമ്പത്തിക മന്ത്രി നിർ ബർക്കത്, ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച്, വിദേശകാര്യ മന്ത്രി ഗിഡിയോൺ സആർ എന്നിവർ ഇന്ത്യയും സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളും സജീവമാണ്. എഫ്ടിഎ ചർച്ചകൾ ഔപചാരികമായി ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റഫറൻസ് ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. വ്യാപാര ചർച്ചകളുടെ ഭാഗമായി ഫെബ്രുവരിയിൽ ഇസ്രായേൽ പ്രതിനിധി സംഘം ഡൽഹി സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു.
PM Narendra Modi is set to visit Israel in February 2026. Key discussions will focus on defense technology, cybersecurity, agriculture, and counter-terrorism.