രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ (അതിവേഗ റെയിൽ ഇടനാഴികൾ) വികസിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2026-27 കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കവെയാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഈ വൻ പ്രഖ്യാപനം മന്ത്രി നടത്തിയത്.

പരിസ്ഥിതി സൗഹൃദപരമായ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കുന്ന ‘ഗ്രോത്ത് കണക്ടറുകളായി’ (Growth Connectors) ഈ അതിവേഗ പാതകൾ പ്രവർത്തിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ ഹൈസ്പീഡ് കോറിഡോറുകൾ ഇവയാണ്:
മുംബൈ – പുണെ
ഹൈദരാബാദ് – പുണെ
ഹൈദരാബാദ് – ബംഗളൂരു
ഹൈദരാബാദ് – ചെന്നൈ
ചെന്നൈ – ബംഗളൂരു
ഡൽഹി – വാരണാസി
വാരണാസി – സിലിഗുരി
ചരക്ക് നീക്കത്തിന് പുതിയ പാതകൾ; ജലപാതകൾക്കും മുൻഗണന
റെയിൽവേയ്ക്ക് പുറമെ ചരക്ക് നീക്കം സുഗമമാക്കാൻ കിഴക്ക് ദാങ്കുനിയെയും പടിഞ്ഞാറ് സൂറത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ ഈസ്റ്റ്-വെസ്റ്റ് ഫ്രൈറ്റ് കോറിഡോറും ബജറ്റിൽ പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കും.
ടിയർ 2, ടിയർ 3 നഗരങ്ങളുടെ വികസനം
അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടിയർ-2, ടിയർ-3 നഗരങ്ങൾ ഇന്ന് രാജ്യത്തിന്റെ വളർച്ചാ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഈ നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നത് തുടരും. 2026-27 സാമ്പത്തിക വർഷത്തേക്ക് 12.2 ലക്ഷം കോടി രൂപയുടെ വമ്പിച്ച മൂലധനച്ചെലവാണ് (Capital Expenditure) ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
മൂന്ന് കർത്തവ്യങ്ങൾ; ‘റിഫോം എക്സ്പ്രസ്’
സാമ്പത്തിക വളർച്ച നിലനിർത്തുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, എല്ലാ മേഖലകളിലും വിഭവങ്ങൾ ലഭ്യമാക്കുക എന്നീ മൂന്ന് ‘കർത്തവ്യങ്ങളെ’ (Responsibilities) മുൻനിർത്തിയാണ് ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. “രാജ്യത്തിന്റെ പരിഷ്കാരങ്ങളുടെ വേഗത സൂചിപ്പിക്കുന്ന ‘റിഫോം എക്സ്പ്രസ്’ (Reform Express) അതിന്റെ യാത്ര തുടങ്ങി കഴിഞ്ഞു,” എന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Finance Minister Nirmala Sitharaman announces 7 new High-Speed Rail corridors and an East-West Freight Corridor in Budget 2026. Discover the routes, including Mumbai-Pune and Delhi-Varanasi, aimed at boosting eco-friendly travel and economic growth.
