നഗരത്തിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻകിട പുനരധിവാസ പദ്ധതിയുമായി കൊച്ചി നഗരസഭ. ബ്രഹ്മപുരത്ത് അഞ്ച് ഏക്കർ സ്ഥലത്ത് അത്യാധുനിക ഷെൽട്ടറുകൾ നിർമിച്ച് നായ്ക്കളെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഒന്നോ രണ്ടോ ഏക്കറിൽ ഒരു സ്കെയിൽ-ഡൗൺ പതിപ്പ് ആരംഭിക്കും. ആയിരം തെരുവ് നായ്ക്കളെ ഉൾക്കൊള്ളാവുന്ന തരത്തിലാകും ഇത്. സുപ്രീം കോടതി വിധി പാലിച്ചാണ്, ബ്രഹ്മപുരത്തുള്ള അനിമൽ ബർത്ത് കൺട്രോൾ (ABC) കേന്ദ്രത്തിനടുത്തായി തെരുവ് നായ്ക്കൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കാൻ കൊച്ചി കോർപറേഷൻ പദ്ധതിയിടുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സൗകര്യമാണ് വിഭാവനം ചെയ്യുന്നതെങ്കിലും, ഒന്നോ രണ്ടോ ഏക്കറിൽ ചെറിയ പതിപ്പ് തുടക്കത്തിൽ ആരംഭിക്കും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പദ്ധതിയുമായി ബന്ധപ്പെട്ട് നിർദിഷ്ട സ്ഥലം സന്ദർശിച്ചിരുന്നു. 5 ഏക്കർ സ്ഥലത്ത് വൻ ഷെൽട്ടറുകൾ സ്ഥാപിക്കുമ്പോൾ നഗരത്തിലെ തെരുവ് നായ ശല്യം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നായ്ക്കളുടെ ആരോഗ്യപരിപാലനത്തിനൊപ്പം ജനസുരക്ഷയും ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കോർപറേഷന്റെ കണക്കുകൂട്ടൽ.
Kochi Corporation plans to tackle the stray dog menace by setting up a modern shelter on 5 acres at Brahmapuram. Initial phase to accommodate 1,000 dogs.
