തമിഴ്നാട്ടിലെ 89,000 ലങ്കൻ തമിഴരുടെ പൗരത്വ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംഭവത്തെ മാനുഷികവും, ഭരണഘടനാപരവും, ദേശീയ പ്രാധാന്യമുള്ള വിഷയം എന്നാണ് സ്റ്റാലിൻ കത്തിൽ വിശേഷിപ്പിച്ചത്. ഏകദേശം 89,000 ശ്രീലങ്കൻ തമിഴർ ഇപ്പോഴും തമിഴ്നാട്ടിൽ താമസിക്കുന്നതായും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

നാല് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് താമസിക്കുന്ന ശ്രീലങ്കൻ തമിഴരുടെ പൗരത്വ പ്രശ്നത്തിനും നിയമപരമായ പദവിക്കും “മാനുഷികവും പ്രായോഗികവുമായ” പരിഹാരം വേണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു. നിരവധി ശ്രീലങ്കൻ തമിഴർ ഇപ്പോഴും തമിഴ്നാട്ടിൽ അഭയാർത്ഥി ക്യാമ്പുകൾക്കുള്ളിലും പുറത്തും താമസിക്കുന്നതായി ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, അവരിൽ ഏകദേശം 40 ശതമാനവും ഇന്ത്യയിൽ ജനിച്ചവരാണെന്നും വ്യക്തമാക്കി. പലരും 30 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
1983 മുതൽ, കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെ തമിഴ്നാട് സർക്കാരുകൾ ശ്രീലങ്കയിലെ വംശീയ സംഘർഷത്തിൽ നിന്ന് പലായനം ചെയ്തവർക്ക് അഭയം നൽകുന്നു. അങ്ങനെയുള്ളവർക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ നൽകുന്നതിലും പ്രാധാന്യം നൽകുന്നു. എന്നാൽ, പലർക്കും പൗരത്വമോ ദീർഘകാല വിസ പദവിയോ ഇപ്പോഴും ലഭ്യമല്ലെന്നും വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നും സ്റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡിഎംകെ തമിഴ് ഭാഷയ്ക്കും സ്വത്വത്തിനും പൈതൃകത്തിനും പ്രാധാന്യം നൽകുന്ന സമയത്തും, നിയസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം ശേഷിക്കുമ്പോഴുമാണ് ഇത്തരമൊരു കത്ത് അയച്ചിരിക്കുന്നത്.
Tamil Nadu CM MK Stalin writes to PM Modi seeking a “humanitarian and practical” solution for the citizenship and legal status of 89,000 Sri Lankan Tamils residing in the state.
