പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മുംബൈ ലോക്ഭവനിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിലും എഐയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകളാണ് നടന്നത്. ലോകത്തെ രണ്ട് കരുത്തുറ്റ ജനാധിപത്യ രാജ്യങ്ങളുടെ തലവന്മാർ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിനാണ് കൂടിക്കാഴ്ചയോടെ മുംബെെ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി മോഡി മാക്രോണിനെ ആലിംഗനത്തോടെ സ്വാഗതം ചെയ്തു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ My dear friend എന്ന് സംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാഗതമരുളിയത്. 2017ൽ അധികാരമേറ്റ ശേഷം മാക്രോണിന്റെ നാലാമത്തെ ഇന്ത്യൻ സന്ദർശനമാണിത് എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ നിന്നുള്ള ചിത്രം പങ്കുവെച്ച മാക്രോണിന്റെ പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ കുറിപ്പ് എത്തിയത്.
മുംബൈയിലും പിന്നീട് ഡൽഹിയിലും കാണാം, എന്റെ പ്രിയ സ്നേഹിതാ, എന്ന മോഡിയുടെ വാക്കുകൾ ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള പുരോഗതിക്ക് ഇരുരാജ്യങ്ങളും നൽകുന്ന സംഭാവനകൾ ചർച്ചകളിൽ പ്രതിഫലിക്കുമെന്ന് മോഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റിനൊപ്പം വ്യാപാര പ്രമുഖരും സാംസ്കാരിക-ഡിജിറ്റൽ രംഗങ്ങളിലെ വിദഗ്ധരും അടങ്ങുന്ന വൻ സംഘം തന്നെയുണ്ട്.
പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഈ സന്ദർശന വേളയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച്, ദസ്സോൾട്ട് റാഫേൽ യുദ്ധവിമാനങ്ങളുടെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള പുതിയ ഇടപാടുകൾ ചർച്ചയാകും. ഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’ (India AI Impact Summit 2026) ഇരുനേതാക്കളുടെയും അജണ്ടയിലെ പ്രധാന വിഷയമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഇന്ത്യയും ഫ്രാൻസും കൈകോർക്കുന്നത് ആഗോള ഡിജിറ്റൽ വിപ്ലവത്തിന് പുതിയ ദിശാബോധം നൽകും. മുംബൈയിലെ ചടങ്ങുകൾക്ക് ശേഷം മാക്രോൺ ഡൽഹിയിലേക്ക് തിരിക്കും.
PM Narendra Modi and French President Emmanuel Macron hold a crucial bilateral meeting at Mumbai’s Lok Bhavan. Key discussions include AI collaboration, Rafale deals, and strategic ties.
