കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈനിന് 1016.24 കോടി രൂപയുടെ വായ്പാ അനുമതി നൽകി സംസ്ഥാന മന്ത്രിസഭാ യോഗം. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നും വായ്പയെടുക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് മന്ത്രിസഭ അനുമതി നൽകിയത്.

11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട വിപുലീകരണം ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകൾക്കും കലക്ടറേറ്റ് ജീവനക്കാർക്കും പ്രയോജനം ചെയ്യും. പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് (SEZ) തടസ്സമില്ലാത്ത കണക്ഷൻ നൽകുന്നതിലൂടെ, യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും സീപോർട്ട്-എയർപോർട്ട് റോഡിലെ തിരക്ക് കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. 2026 ജൂണിൽ രണ്ടാം ഘട്ടത്തിലെ ആദ്യ അഞ്ച് സ്റ്റേഷനുകൾ തുറക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും, ഫണ്ടിന്റെ കുറവ് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുകയായിരുന്നു.
നിലവിൽ നടക്കുന്ന രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ അഞ്ച് സ്റ്റേഷനുകളുടെ നിർമാണം ജൂലൈയിൽ തന്നെ അവസാനിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്ന മൂന്നാം ഘട്ടത്തിൻ്റെ വിശദമായ പദ്ധതി രേഖ മാർച്ച് 14ന് സമർപ്പിക്കും. മൂന്നാം ഘട്ടത്തിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണയിലെത്തിയിട്ടുണ്ട്.
Boost for Kochi Metro Phase 2! Kerala Cabinet approves a ₹1,016.24 crore loan from AIIB for the Pink Line (JLN Stadium to Infopark), aimed at easing traffic for IT hubs
