വീടില്ലാത്തവർക്ക് വീട് നൽകുന്ന ഭവന പദ്ധതി പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. കേന്ദ്രസർക്കാരിന്റെ നഗരകേന്ദ്രീകൃത പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഡെപ്യൂട്ടി മേയർ ആശാനാഥ് ബിജെപി ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചും വികസന സാധ്യതകൾ പ്രയോജനപ്പെടുത്തിയും അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ-ക്ഷേമ മേഖലകൾക്കും പശ്ചാത്തല വികസനത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോർപറേഷൻ തന്നെ നൽകും. കോർപറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.
അതേസമയം, കൊച്ചി കോർപ്പറേഷൻ പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ് ഡെപ്യൂട്ടി മേയർ ദീപക് ജോയി അവതരിപ്പിച്ചു. ധനസമാഹരണത്തിനായി മുനിസിപ്പൽ ബോണ്ടും കൊച്ചി ഗ്രീൻ ബോണ്ടും പുറത്തിറക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. വൈറ്റിലയിൽ 52 കോടി രൂപ ചിലവിൽ ഓഫീസ് കം വാണിജ്യ സമുച്ചയം, ഇടപ്പള്ളി കൺവെൻഷൻ സെന്ററിന് 45 കോടി രൂപ, കലൂർ ബസ് സ്റ്റാൻഡിനെ സംയോജിത ഗതാഗത സമുച്ചയമാക്കുന്നതിന് 40 കോടി രൂപ എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ. ഇതിനുപുറമേ, ഡ്രോണും ജിപിഎസ് സംവിധാനവും ഉപയോഗിച്ച് ശാസ്ത്രീയമായ കൊതുക് നിർമ്മാർജനത്തിന് 10 കോടി രൂപ ചിലവഴിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 1388.14 കോടി രൂപയുടെ വരവും 1255.17 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു
Thiruvananthapuram and Kochi Corporations unveil their 2026 budgets. Highlights include Trivandrum’s comprehensive housing scheme and Kochi’s historic move to issue Municipal and Green Bonds for urban development.
