ബംഗ്ലാദേശിലെ ഇന്ധന പ്രതിസന്ധികൾക്കിടയിൽ ആശ്വാസമാകാൻ ഇന്ത്യയിൽ നിന്ന് 5,000 ടൺ ഡീസൽ പൈപ്പ് ലൈൻ വഴിയെത്തും. പർബതിപൂർ അതിർത്തി വഴിയാണ് ഇന്ധനം ബംഗ്ലാദേശിലേക്ക് പ്രവേശിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം പ്രതിവർഷം 1,80,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിന് നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്ധനക്കൈമാറ്റമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ ആകെ 90,000 ടൺ ഡീസൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ (BPC) ചെയർമാൻ മുഹമ്മദ് റെസാനുർ റഹ്മാൻ അറിയിച്ചു.

അതേസമയം, നിലവിൽ ബംഗ്ലാദേശിൽ അനുഭവപ്പെടുന്ന ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള പൂഴ്ത്തിവെപ്പ് തടയാൻ സർക്കാർ നടപടികൾ കർശനമാക്കിയിട്ടുണ്ട്. പല പമ്പുകളും സർക്കാർ നിശ്ചയിച്ച പരിധി ലംഘിച്ച് ഇന്ധനം വിൽക്കുന്നതായും കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയതിനെത്തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ മൊബൈൽ കോടതികൾ വഴി വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ഇന്ത്യയിൽ നിന്നുള്ള ഇന്ധന ലഭ്യത ബംഗ്ലാദേശിലെ ഗതാഗത-ഊർജ്ജ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
India begins supplying 5,000 tons of diesel to Bangladesh to ease its fuel crisis. Part of a bilateral deal to provide 1.8 lakh tons annually via pipeline.
