കേരള കേരളം ആയതിലൂടെ മലയാളിയുടെ സംസ്കാരത്തിന് അനുയോജ്യമായ പേര് ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മലയാളിയുടെ സംസ്കാരത്തിന് അനുയോജ്യമായ പേര് സംസ്ഥാനത്തിന് ലഭിച്ചിരിക്കുകയാണെന്നും ഇതിന്റെ സന്തോഷം എല്ലാ കേരളീയരുടെയും മുഖത്ത് കാണാനുണ്ടെന്നും കൊച്ചിയിൽ ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഏതാനും നാളുകൾക്ക് മുൻപ് കേരളത്തിലെത്തിയപ്പോൾ ധീവര സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും, അതിനുശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജനങ്ങളുടെ ഈ ആവശ്യം നിറവേറ്റാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് അടക്കമുള്ള പരിപാടികൾക്കായി കേരളത്തിലെത്തിയ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി ധീവര സഭ ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം 10800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് മോഡിയുടെ വരവോടെ തുടക്കമായിരിക്കുന്നത്.

5500 കോടി രൂപ ചിലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാൻ്റ് ആണ് പദ്ധതികളിൽ പ്രധാനം. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയ്ക്കുമൊപ്പം പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 റോഡുകളുമുണ്ട്. 2650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച തലപ്പാടി-ചെങ്കള റീച്ചിലെ ആറുവരിപ്പാത മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്. വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയുടെ ചെലവ് ഏകദേശം 2140 കോടി രൂപയാണ്. അമൃത ഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ വികസിപ്പിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളും ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽപാത വൈദ്യുതവൽക്കരണ പദ്ധതിയും അടക്കമുള്ളവയും പ്രധാനമാണ്. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിയാണ് മറ്റൊരു പ്രധാന പദ്ധതി.
ഇന്നു രാവിലെ 11.45നു കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 12.15നു നാവിക ആസ്ഥാനത്തെത്തി. അവിടെ നിന്നു റോഡ് മാർഗം 12.30നു മറൈൻ ഡ്രൈവിലെത്തിയാണ് അദ്ദേഹം ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തത്.
Prime Minister Narendra Modi launches projects worth ₹10,800 crore in Kochi and celebrates the official name change to ‘Keralam’ at the Dheevara Sabha jubilee
