അമേരിക്കൻ ഊർജ്ജ മേഖലയിൽ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് ടെക്സസിൽ ആരംഭിക്കുന്ന വൻകിട ഓയിൽ റിഫൈനറി പദ്ധതിക്ക് ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് പിന്തുണ നൽകുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രധാന നിക്ഷേപവും പങ്കാളിത്തവുമുള്ള ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ എന്ന കമ്പനിയാണ് ടെക്സസിലെ ബ്രൗൺസ്വിൽ തുറമുഖത്ത് 300 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ 50 വർഷത്തിനിടെ യുഎസ്സിൽ നിർമ്മിക്കുന്ന ആദ്യത്തെ പുതിയ ഓയിൽ റിഫൈനറിയാണിതെന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പദ്ധതിക്ക് നൽകുന്ന നിക്ഷേപത്തിന് റിലയൻസിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇറാൻ യുദ്ധം കാരണമുണ്ടായ ആഗോള എണ്ണവില വർധനയും വിപണിയിലെ ആശങ്കകളും പരിഹരിക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. പ്രതിദിനം 1,60,000 ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് ലോകത്തിലെ ഏറ്റവും ക്ലീനസ്റ്റ് റിഫൈനറിയായിരിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അമേരിക്കയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാനും ആഗോള കയറ്റുമതിയിൽ ആധിപത്യം ഉറപ്പിക്കാനും ഈ പദ്ധതി സഹായിക്കും. അമേരിക്കൻ ഊർജ്ജ മേഖല പഴയ റിഫൈനറികൾ അടച്ചുപൂട്ടുന്നതും പുതിയവയുടെ നിർമ്മാണത്തിലെ വെല്ലുവിളികളും നേരിടുന്നതിനിടെയാണ് റിലയൻസിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ഈ സുപ്രധാന നീക്കം.
Donald Trump announces a historic $300 billion oil refinery in Texas with backing from Mukesh Ambani’s Reliance Industries. Discover details of the ‘America First’ deal.
