വാചകക്കസർത്തുകളേക്കാൾ പ്രവൃത്തിക്കും സ്ട്രാറ്റജിക് ചാനലുകൾ വഴി നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്കുമാണ് ഇന്ത്യ മുൻഗണന നൽകുന്നത്. രാജ്യങ്ങളുടെ പരമാധികാരം, പ്രാദേശിക അഖണ്ഡത, സമാധാനം എന്നിവയിൽ ഊന്നിയുള്ള ഇന്ത്യയുടെ നിലപാടിന് മുമ്പെന്നത്തേക്കാളും ഇന്ന് സ്വീകാര്യത കിട്ടുന്നു. വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കി ഭാവിയിലെ നയതന്ത്ര നീക്കങ്ങൾക്കുള്ള വാതിലുകൾ തുറന്നിടുകയാണ് ഇന്ത്യ ചെയ്യുന്നത്.
അതുകൊണ്ടാണ് വാഷിംഗ്ടൺ, ഇസ്രായേൽ, ടെഹ്‌റാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവരുമായി ഒരേ സമയം നല്ല ബന്ധം ഇന്ത്യയ്ക്ക് നിലനിർത്താൻ ആകുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും എല്ലാ പക്ഷങ്ങളുമായും സംസാരിക്കാനുള്ള ‘ആക്സസ്’ ഇന്ത്യയ്ക്കുണ്ട്. ഈ ആക്സസ് തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ സ്വാധീനശക്തി. അതുതന്നെയാണ് ഇന്ത്യയുടെ ഒരു ഫോൺകോളിന് ഇറാൻ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് അറബ് നേതാവ് ഹുസൈൻ ഹസൻ മിർസ അൽ സയീജ് പറഞ്ഞത്. ഒരു രാജ്യത്തെ മാത്രം പ്രീതിപ്പെടുത്തും വിധം വിദേശ നയതന്ത്രത്തെ കെട്ടിയിട്ടില്ല എന്നതാണ് ഇന്ത്യൻ വിദേശകാര്യ നയത്തിന്റെ വിജയം. ഇസ്രേയലുമായി ആയുധ ഡീൽ നടത്തുന്ന ഇന്ത്യയാണ് ഇറാനിയൻ കപ്പലായ IRIS ലാവന് കൊച്ചി തീരത്ത് അഭയം നൽകിയതും, ഇറാനിയൻ നാവികർക്ക് നമ്മുടെ സൈന്യത്തിന്റെ സംരക്ഷണയിൽ സുരക്ഷിത താവളം ഒരുക്കിയതും. ഇന്ത്യയുടെ ‘സ്ട്രാറ്റജിക് ഓട്ടോണമിയുടെ’ തെളിവാണ്. ഗൾഫ് അശാന്തമായിരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. കാരണം രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഊർജ്ജവും വിഭവങ്ങളും നൽകുന്ന ഒരു ‘രക്തധമനി’ആണത്. ഈ ധമനിയിൽ തടസ്സങ്ങളുണ്ടാകാതെ നോക്കാൻ ശാന്തവും എന്നാൽ ഉറച്ചതുമായ ഇടപെടലുകളാണ് ആവശ്യമെന്ന തിരിച്ചറിവ് ഇന്ത്യയ്ക്കുണ്ട്.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തിനിടെ ലോകത്തെ ചേരികളിൽ കാതലായ മാറ്റം വന്നിട്ടുണ്ട്. നല്ല മിത്രങ്ങളെ തിരിച്ചറിയാൻ ലോകത്തിന് പ്രേരകമായത് ഇന്ത്യയുടെ നിലപാടുകൾ തന്നെയാണ്. അതുകൊണ്ടാണ് അമേരിക്കൻ ഭീഷണികൾക്കിടയിലും ഇന്ത്യയുമായി ലോകത്തെ ഏറ്റവും ബൃഹത്തായ വ്യാപാരക്കരാർ എഴുതാൻ യൂറോപ്യൻ യൂണിയൻ തയ്യാറായത്. അതിനെല്ലാം കാരണം, ഇന്ത്യ മുന്നോട്ട് വെക്കുന്ന വിശ്വാസം എന്ന കറൻസിയാണ്. വിശ്വാസമാണ് ഏറ്റവും വലിയ പവർ. ശ്രദ്ധിച്ച് കേൾക്കണം. സംഘർഷം മൂർച്ഛിച്ചപ്പോൾ ഇറാൻ എടുത്ത ഉഗ്രാസ്ത്രമാണ് ഹോർമുസിന്റെ നിയന്ത്രണം. ലോകത്തെ ഓയിൽ ലോജിസ്റ്റിക്സിന്റെ വലിയ ഭാഗം കടന്നുപോകുന്ന ഹോർമുസ് അടയ്ക്കുന്നവെന്നാൽ ഇന്ത്യ പോലെ വലിയ ഊർജ്ജാവശ്യങ്ങളുള്ള രാജ്യങ്ങളുടെ ചലനം നിൽക്കുന്നു എന്നാണ്, പ്രത്യേകിച്ച് ഇസ്രേയലും അമേരിക്കയുമായി ചങ്ങാത്തമുള്ള രാജ്യമായ ഇന്ത്യയെ സംബന്ധിച്ച്! ഇത്തരമൊരു സാഹചര്യം മുൻകൂട്ടി കണ്ട് ശേഖരിച്ച് കരുതലായി വെച്ചിരിക്കുന്ന വൻ എണ്ണ ശേഖരം കൊണ്ടും, ഓൾട്ടർനേറ്റ് ഓയിൽ സോഴ്സിംഗ് കൊണ്ടും രാജ്യത്തെ ചലനാത്മകമാക്കി നിർത്താൻ ഇന്ത്യയ്ക്ക് കഴിയുന്നു. ഹോർമുസ് കടന്ന് ഓയിൽ ടാങ്കർ ഷിപ്പുകളെ ഇറാൻ പോകാൻ അനുവദിച്ചപ്പോൾ അതിലുണ്ടായത് റഷ്യയുടേയും ചൈനയേടേയും ഇന്ത്യയുടേയും കപ്പലുകളാണ്. ഓർക്കണം ചൈനയും റഷ്യയും അമേരിക്കയുടെ ബദ്ധവൈരികളും ഇറാന് പിന്തുണ പ്രഖ്യാപിച്ചവരുമാണ്. പ്രത്യക്ഷത്തിൽ അമേരിക്കൻ-ഇസ്രായേൽ സഹകരണത്തിൽ മുന്നോട്ട് പോകുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ, ഇറാൻ കടത്തിവിട്ടതിൽ ഇന്ത്യയുടെ പുഷ്പക്, പരിമൾ എന്നീ ടാങ്കറുകളുമുണ്ടായിരുന്നു. ഈ നിമിഷം ഇന്നത്തെ ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളിൽ നിർണ്ണായകമാണ്. കാരണം 2024-ൽ ഇന്ത്യ 3400 കോടിയുടെ ഛബാർ പോർട്ട് ഡെവലപ്മെന്റ് ഏറ്റെടുത്തിരുന്നു. പോർട്ട് മാത്രമല്ല, അതിനെ സെൻട്രൽ ഏഷ്യയുമായി കണക്റ്റ് ചെയ്യും വിധം അഫ്ഗാൻ വഴി റോഡ് പദ്ധതിയും ഇന്ത്യ പൂർത്തിയാക്കി വരികയാണ്. ഇങ്ങനെ ഇറാനുമായി ചേർന്ന് നിന്ന് കൊണ്ട് തന്നെയാണ് ഇന്ത്യ നമ്മുടെ ആയുധാവശ്യങ്ങൾക്ക് ഇസ്രേയുലുമായി അടുത്തത്. അതാണ് ഒരുരാജ്യത്തിന്റെ ഭയമില്ലായ്മ. ഗ്ലോബൽ സൂപ്പർ പവറുകളുടെ ഉമ്മറത്ത് ലോക കാര്യങ്ങൾ തീരുമാനിച്ചിടത്ത് നിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അഭിപ്രായവും ഇടപെടലും നിർണ്ണായകമാകുന്ന കാലഘട്ടത്തിലേത്ത് ലോകക്രമം എത്തി എന്നതാണ് വസ്തുത.
India’s foreign policy increasingly prioritizes strategic action and quiet diplomacy over emotional reactions, allowing the country to maintain strong relations simultaneously with the United States, Israel, Iran, and Gulf nations. By focusing on sovereignty, territorial integrity, and peace, India has built trust with multiple global players and gained the rare ability to communicate with all sides during geopolitical crises. This balanced approach, often described as strategic autonomy, enables India to safeguard critical interests such as energy security and trade routes like the Strait of Hormuz while expanding partnerships through initiatives such as the Chabahar Port project in Iran. As global power dynamics shift, India’s credibility, neutrality, and consistent diplomacy are strengthening its role as an influential voice in international affairs.
