പാരമ്പര്യവും ഗുണമേന്മയും കൈകോർത്തപ്പോൾ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ നിന്ന് ഒരു ബ്രാൻഡ് ഉദിച്ചുയർന്നു— ‘മുസിരിസ് സ്പൈസസ്’ (Muziris Spices). 30 കിലോ മുളക് കൊണ്ട് തുടക്കമിട്ട സംരംഭം ഇന്ന് പ്രതിദിനം 2 ടൺ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന നിലയിലേക്ക് വളർന്നത് കഠിനാധ്വാനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയുടെയും ഫലമായാണ്. ബ്രാൻഡിന്റെ വളർച്ചയെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും ‘ചാനൽ ഐ ആം – മൈ ബ്രാൻഡ് മൈ പ്രൈഡിൽ’ സംസാരിക്കുയാണ് സ്ഥാപകൻ റിജാസ് കാക്കശ്ശേരിയും എംഡി റുമാൽ റഷീദും.
തുടക്കം ലളിതം, ലക്ഷ്യം വലുത്
കൊടുങ്ങല്ലൂർ സ്വദേശികളായ റിജാസും റുമാലും തങ്ങളുടെ ബിസിനസ് തുടങ്ങിയത് വളരെ ചെറിയ രീതിയിലായിരുന്നു. കേവലം 30 കിലോ മുളകുമായി 2019ൽ തുടങ്ങിയ യാത്രയിൽ അയൽപക്കത്തെ പെൺകുട്ടികളായിരുന്നു പാക്കിംഗിന് സഹായിച്ചിരുന്നത്. “ചെറിയ മുറിയിൽ തുടങ്ങിയ ആ സ്ഥാപനം ഇന്ന് 6,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള വലിയ യൂണിറ്റായി മാറിയിരിക്കുന്നു,” റിജാസ് ഓർക്കുന്നു.
വെല്ലുവിളികളുടെ വർഷങ്ങൾ
ഏതൊരു പുതിയ ബ്രാൻഡിനെയും പോലെ ‘മുസിരിസ് സ്പൈസസിനും’ വിപണിയിൽ നിന്ന് തുടക്കത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നു. “വീട്ടിൽ തന്നെ മുളക് പൊടിച്ച് ഉപയോഗിക്കുന്നവർക്കും മില്ലിൽ നിന്ന് നേരിട്ട് വാങ്ങുന്നവർക്കും ഇടയിലേക്ക് പാക്കറ്റ് ഉൽപ്പന്നങ്ങളുമായി ചെന്നപ്പോൾ പലരും മുഖം തിരിച്ചു. ഗുണമേന്മ ബോധ്യപ്പെടുത്താനായി ട്രാൻസ്പാരെന്റ് കവറുകളിലാണ് ഉൽപ്പന്നം ആദ്യം വിറ്റത്,” എന്ന് റുമാൽ പറയുന്നു. മൂന്ന് വർഷത്തോളം നീണ്ട കഠിനമായ പ്രയത്നത്തിനൊടുവിലാണ് ഉപഭോക്താക്കൾക്കിടയിൽ നിന്ന് ‘മൗത്ത് പബ്ലിസിറ്റി’ ലഭിച്ചു തുടങ്ങിയതും റീ-പർച്ചേസുകൾ വർദ്ധിച്ചതും.
ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല
ഗുണമേന്മയാണ് മുസിരിസ് സ്പൈസസിന്റെ വിജയരഹസ്യമെന്ന് സ്ഥാപകർക്ക് ഉറപ്പിച്ചു പറയാനാകും. ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്തു വെക്കാതെ ഓരോ ആഴ്ചയും ഫ്രഷ് ആയി പൊടിച്ച് കടകളിൽ എത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. മഞ്ഞൾ പൊടിക്കുന്നതിനായി മാത്രം പ്രത്യേക മെഷീനുകൾ ഉപയോഗിക്കുന്നതു പോലുള്ള കാര്യങ്ങളിലും ശ്രദ്ധ നൽകുന്നു.
ടിസിഎസ്സിലെ ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക്
മുസിരിസ് സ്പൈസസിന്റെ വളർച്ചയിൽ നിർണ്ണായകമായത് റുമാൽ റഷീദിന്റെ കടന്നുവരവാണ്. ടിസിഎസ്സിലെ ജോലി ഉപേക്ഷിച്ചാണ് റുമാൽ ബിസിനസ്സിൽ ചേർന്നത്. “ഒരു സിസ്റ്റം കൊണ്ടുവരിക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സെയിൽസ് ട്രാക്കിംഗിനായി ഇന്ത്യയിലെ തന്നെ മികച്ച സോഫ്റ്റ്‌വെയറുകൾ ഇന്ന് ഞങ്ങൾ ഉപയോഗിക്കുന്നു,” റുമാൽ വ്യക്തമാക്കുന്നു. റുമാലിന്റെ സാങ്കേതിക വിജ്ഞാനവും മാർക്കറ്റിംഗ് മികവും ബ്രാൻഡിന്റെ വേഗത വർദ്ധിപ്പിച്ചു.
വിപണിയിലെ സാന്നിധ്യം
മധ്യകേരളത്തിലാണ് മുസിരിസ് സ്പൈസസ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊച്ചി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലും ബ്രാൻഡിന് സാന്നിധ്യമുണ്ട്. തീരദേശ മേഖലകളിലെ 95 ശതമാനം കടകളിലും ഇന്ന് മുസിരിസ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ചിക്കൻ മസാല, മീറ്റ് മസാല, സാമ്പാർപ്പൊടി, അച്ചാർപ്പൊടി തുടങ്ങി എല്ലാവിധ സ്പൈസസും ഇവരുടെ നിരയിലുണ്ട്.
“ഞങ്ങൾ ഒരു പരസ്യവും നൽകിയിട്ടില്ല. ഗുണമേന്മ അനുഭവിച്ചറിഞ്ഞ ഉപഭോക്താക്കളും കടയുടമകളുമാണ് ഞങ്ങളുടെ യഥാർത്ഥ ബ്രാൻഡ് അംബാസഡർമാർ,” എന്ന് റിജാസ് പറയുമ്പോൾ അതിൽ ആത്മവിശ്വാസത്തിന്റെ എരിവും ഉശിരുമുണ്ട്. ഗുണമേന്മ നിലനിർത്താൻ ചിലപ്പോൾ വിലയിൽ അല്പം മാറ്റം വന്നേക്കാമെങ്കിലും, ഉപഭോക്താക്കളുടെ വിശ്വാസമാണ് തങ്ങൾക്ക് വലുതെന്ന് ഈ യുവ സംരംഭകർ ഉറപ്പിച്ചു പറയുന്നു.
Discover how Muziris Spices evolved from a small room in Kodungallur to a major regional brand. Founder Rijaz and MD Rumal share their journey of grit and uncompromising quality
