പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുകയും ആഗോള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര ഗ്യാസ് ശൃംഖല ശക്തിപ്പെടുത്താൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. കംപ്രസ്ഡ് ബയോഗ്യാസ് (CBG) പൈപ്പ് ലൈൻ ശൃംഖലയിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതിക്കാണ് (CBG-CGD Synchronisation Scheme) കേന്ദ്ര പെട്രോളിയം മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കാതിരിക്കാനാണ് ബയോഗ്യാസ് ഉൽപ്പാദനവും വിതരണവും ഊർജ്ജിതമാക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലയുമായി ബന്ധിപ്പിക്കും. വീടുകളിലേക്കുള്ള പിഎൻജി, വാഹനങ്ങൾക്കുള്ള സിഎൻജി എന്നിവയുടെ വിതരണത്തിൽ ബയോഗ്യാസിന്റെ വിഹിതം വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
നേരിട്ടെത്തും
ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് പൈപ്പ് ലൈനുകൾ വഴി നേരിട്ട് ബയോഗ്യാസ് വിതരണ ശൃംഖലയിൽ എത്തിക്കും. ഇത് ഗതാഗത ചെലവ് കുറയ്ക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും സഹായിക്കും. വിദേശത്ത് നിന്നുള്ള എൽഎൻജി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയുടെ 47 ശതമാനവും ഖത്തറിൽ നിന്നാണ്.
ഉപഭോക്താക്കൾക്ക് ആശ്വാസം
നിലവിൽ ഗാർഹിക ആവശ്യങ്ങൾക്കും വാഹനങ്ങൾക്കുമായി 100 ശതമാനം വാതക വിതരണം സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും, വാണിജ്യ-വ്യവസായ മേഖലകളിൽ ഇത് 80 ശതമാനമായി നിയന്ത്രിച്ചിട്ടുണ്ട്. ബയോഗ്യാസ് ശൃംഖല സജീവമാകുന്നതോടെ ഈ കുറവ് പരിഹരിക്കാനാകും. കൂടാതെ, എൽപിജി ഉപയോഗിക്കുന്ന വാണിജ്യ ഉപഭോക്താക്കളെ പിഎൻജിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 1.25 ലക്ഷത്തിലധികം പുതിയ കണക്ഷനുകളും ലഭ്യമാക്കും.
The government has expanded its scheme to enable the injection of compressed biogas (CBG) into gas pipelines, aiming to boost domestic gas supply, reduce import dependence, and strengthen city gas distribution for transport and household use.
