ഇന്ത്യൻ റെയിൽവേയുടെ ട്രാക്ക് മെയിന്റനൻസിന് അത്യാധുനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമുള്ള 1,100 കോടി രൂപയുടെ കരാർ സ്വന്തമാക്കി ഇൻഡോ-റഷ്യൻ കൺസോർഷ്യം. നോയിഡ ആസ്ഥാനമായുള്ള എഡിജെ എഞ്ചിനീയറിംഗും റഷ്യൻ കമ്പനിയായ ടിവിഇഎംഎയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. റെയിൽവേ ട്രാക്കുകളിലെ വിള്ളലുകൾ മുൻകൂട്ടി കണ്ടെത്തി ട്രെയിൻ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേർണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന 18 സ്വയം നിയന്ത്രിത അൾട്രാസോണിക് ടെസ്റ്റിംഗ് വാഹനങ്ങളും 216 സിംഗിൾ റെയിൽ ടെസ്റ്ററുകളും ഇതിന്റെ ഭാഗമായി റെയിൽവേയ്ക്ക് ലഭിക്കും.

പദ്ധതിയിലെ ഉപകരണങ്ങളുടെ 51 ശതമാനവും പ്രാദേശികമായി നിർമ്മിക്കാനാണ് കൺസോർഷ്യം ലക്ഷ്യമിടുന്നത്. ഈ കരാറിലൂടെ റഷ്യയിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകൾ ഉൾപ്പെടെ രാജ്യത്തെ 18 റെയിൽവേ സോണുകളിലും ഈ പുതിയ സുരക്ഷാ സംവിധാനങ്ങൾ വിന്യസിക്കും. ഇന്ത്യയിലെ ബ്രോഡ്‌ഗേജ് പാതകളിൽ തുടർച്ചയായ പരിശോധന നടത്താൻ ശേഷിയുള്ള ഡയഗ്നോസ്റ്റിക് റെയിൽ കാറുകൾ ടിവിഇഎംഎ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ട്രാക്കുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും പാളം തെറ്റിയുള്ള അപകടങ്ങൾ കുറയ്ക്കാനും ഈ അത്യാധുനിക സംവിധാനങ്ങൾ സഹായിക്കും.
indian railways partners with an indo-russian consortium for a ₹1100 crore track maintenance project. the deal includes ai-powered ultrasonic testing vehicles to prevent accidents