നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഊബർ (Uber) കേരളത്തിൽ ബൈക്ക് ടാക്സി, പാഴ്സൽ സേവനങ്ങൾ ആരംഭിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക. നിലവിലുള്ള ഊബർ ആപ്പ് വഴി തന്നെ ഓട്ടോയും ടാക്സിയും ബുക്ക് ചെയ്യുന്നത് പോലെ ബൈക്ക് ടാക്സിയും ബുക്ക് ചെയ്യാം. ആദ്യ മൂന്ന് കിലോമീറ്ററിന് 25 രൂപയാണ് പ്രാരംഭ നിരക്ക്.

നഗരപരിധിക്ക് പുറമെ കൊച്ചിയിൽ ഫോർട്ട് കൊച്ചി, വൈപ്പിൻ, പറവൂർ, ആലുവ തുടങ്ങിയ ഇടങ്ങളിലും സേവനം ലഭ്യമാകുമെന്ന് ഊബർ വക്താവ് അറിയിച്ചു. യാത്രക്കാരെ എത്തിക്കുന്നതിന് പുറമെ, ചെറിയ പാഴ്സലുകൾ നഗരത്തിനുള്ളിൽ കുറഞ്ഞ ചിലവിൽ എത്തിക്കാനായി ‘ബൈക്ക് പാഴ്സൽ’ (Bike Parcel) സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് ടാക്സി സേവനത്തിനായി ഇരുചക്ര വാഹന ഉടമകളെ റജിസ്റ്റർ ചെയ്യുന്ന നടപടികൾ ഊബർ ആരംഭിച്ചു. 1,000 രൂപ ജോയിനിംഗ് ബോണസും പ്രതിമാസം കുറഞ്ഞത് 35,000 രൂപ വരുമാനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2012ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് മുൻഗണന. യാത്രക്കാരന് നൽകാനായി ഡ്രൈവറുടെ പക്കൽ അധിക ഹെൽമെറ്റ് കൂടി കരുതേണ്ടതുണ്ട്.
എതിർപ്പുമായി ഓട്ടോ-ടാക്സി യൂണിയനുകൾ
ഊബറിന്റെ പുതിയ നീക്കം തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് ആരോപിച്ച് സിഐടിയു ഉൾപ്പെടെയുള്ള മോട്ടോർ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി. കോർപ്പറേറ്റ് കമ്പനികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നത് പരമ്പരാഗത ഓട്ടോ-ടാക്സി മേഖലയെ തകർക്കുമെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും എറണാകുളം ജില്ലാ ഓട്ടോറിക്ഷ യൂണിയൻ പ്രസിഡന്റ് ശ്യാമന്ത ഭദ്രൻ പറഞ്ഞു.
ലൈസൻസ് അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്
2017ൽ ഊബർ ബൈക്ക് ടാക്സിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അപകടസാധ്യത ചൂണ്ടിക്കാട്ടി അന്ന് ഗതാഗത വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ലൈസൻസ് നേടുകയും ചെയ്തതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. നാഗരാജു ഐപിഎസ് വ്യക്തമാക്കി. അയൽസംസ്ഥാനമായ കർണാടകയിൽ കോടതി ഉത്തരവിനെ തുടർന്ന് നേരത്തെ തന്നെ ബൈക്ക് ടാക്സിക്ക് അനുമതി നൽകിയിരുന്നു. നഗരത്തിലെ തിരക്കേറിയ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ വേഗത്തിൽ യാത്ര ചെയ്യാൻ ബൈക്ക് ടാക്സി മികച്ച ഓപ്ഷനാണെന്ന് യാത്രക്കാർ പ്രതികരിക്കുന്നു.
Uber introduces Bike Taxi and Parcel services in Kochi and Thiruvananthapuram with rates starting at ₹25. Learn about the new travel options, driver earnings, and MVD approvals in Kerala.