ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ‘സാമ്പത്തിക തീവ്രവാദം’ എന്ന് വിശേഷിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ആഗോള വിപണിയെയും രാജ്യങ്ങളെയും ഇറാൻ ബന്ദികളാക്കുകയാണെന്ന് യുഎഇ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) സിഇഓയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. ഹൂസ്റ്റണിൽ നടന്ന സെറാവീക്ക് (CERAWeek) കോൺഫറൻസിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ആയുധമാക്കുന്നത് ഒരു രാജ്യത്തിന് നേരെയുള്ള അതിക്രമമല്ല, മറിച്ച് ലോകരാഷ്ട്രങ്ങൾക്ക് നേരെയുള്ള സാമ്പത്തിക യുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധം തുടങ്ങിയ ശേഷം 1,700ലധികം ഡ്രോണുകളും നൂറുകണക്കിന് മിസൈലുകളുമാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധി എണ്ണലഭ്യതയുടെ പ്രശ്നമല്ലെന്നും മറിച്ച് സുരക്ഷാ പ്രശ്നമാണെന്നും അൽ ജാബർ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുകൊടുക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചർച്ചകളിലൂടെ യുദ്ധം പരിഹരിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ 11 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
UAE Minister Sultan Al Jaber condemns Iran’s attacks in the Strait of Hormuz at CERAWeek, calling it an economic war against the world. Read about the impact on oil prices and global security
