യാത്രാ ട്രെയിൻ രംഗത്ത് വൻ വിജയം സൃഷ്ടിച്ച വന്ദേ ഭാരതിന് പിന്നാലെ, അതിവേഗ ചരക്കുനീക്കത്തിനായി ‘വന്ദേ ഭാരത് ഫ്രൈറ്റ് ഇഎംയു’ (Vande Bharat Freight EMU) ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഈ ആഴ്ച പുറത്തിറക്കും. ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (RDSO) നേതൃത്വത്തിൽ ട്രെയിനിന്റെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കും.

അതിവേഗം, അത്യന്താധുനികം
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ചരക്ക് ട്രെയിനുകൾ. നിലവിൽ ഇന്ത്യയിലെ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 100 കിലോമീറ്ററിൽ താഴെയാണ്. അതുകൊണ്ടുതന്നെ വന്ദേ ഭാരത് കാർഗോ വരുന്നത് പാഴ്സൽ നീക്കത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇ-കോമേഴ്സ് ഉൽപ്പന്നങ്ങളും മറ്റ് അവശ്യസാധനങ്ങളും അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ശേഷിയുള്ള 16 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക.
സവിശേഷതകൾ
1800 മില്ലീമീറ്റർ വീതിയുള്ള ഓട്ടോമാറ്റിക് ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ വഴി ചരക്കുകൾ വേഗത്തിൽ കയറ്റാനും ഇറക്കാനും സാധിക്കും. മരുന്നുകൾ, പാൽ, പച്ചക്കറികൾ എന്നിവ കേടുകൂടാതെ കൊണ്ടുപോകാനായി താപനില നിയന്ത്രിക്കാവുന്ന സംവിധാനമുള്ള റീഫർ കണ്ടെയ്‌നറുകളും ഒരുക്കും. ന്യൂമാറ്റിക് റോളർ ഫ്ലോർ ആണ് മറ്റൊരു സവിശേഷത. ചരക്കുകൾ മെഷീനുകൾ ഉപയോഗിച്ച് വേഗത്തിൽ നീക്കാൻ സഹായിക്കുന്ന ഫ്ലോറാണിത്.
ആദ്യ സർവീസ് ഡൽഹി-മുംബൈ റൂട്ടിൽ
സമയലാഭവും സുരക്ഷയുമാണ് വന്ദേ ഭാരത് ചരക്ക് ട്രെയിനുകളുടെ പ്രധാന ആകർഷണം. ഡൽഹി എൻസിആർ – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ് ആരംഭിക്കുക. റോഡ് വഴിയുള്ള ചരക്ക് നീക്കത്തേക്കാൾ അതിവേഗം സാധനങ്ങൾ എത്തിക്കാനാകും എന്നതിനാൽ മിക്ക കമ്പനികളും വന്ദേ ഭാരതിലേക്കു മാറുമെന്നാണ് വിലയിരുത്തൽ. ഇത് റെയിൽവേയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും.
പരീക്ഷണ ഘട്ടം
ആർഡിഎസ്ഓയുടെ നേതൃത്വത്തിൽ ഓസിലേഷൻ ടെസ്റ്റിംഗ്, എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് (EBD) പരിശോധന, പൂർണ്ണഭാരം കയറ്റിയുള്ള പെർഫോമൻസ് വിലയിരുത്തൽ എന്നിവ നടത്തും. പരീക്ഷണങ്ങൾ വിജയകരമായാൽ രാജ്യത്തെ മറ്റ് തിരക്കേറിയ വാണിജ്യ ഇടനാഴികളിലേക്കും ഈ സർവീസുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആധുനിക ലോജിസ്റ്റിക്സ് മേഖലയിൽ റെയിൽവേയുടെ കരുത്ത് തെളിയിക്കുന്ന നിർണ്ണായക നീക്കമായിരിക്കും ഇത്.
Indian Railways is set to revolutionize logistics with the Vande Bharat Freight EMU. Capable of 160 kmph, this high-speed cargo train features automatic doors and temperature control for e-commerce and essentials